പരസ്യപ്രചരണത്തിന് ഇന്ന് വിരാമം; ഉത്തരാഖണ്ഡിലും ഗോവയിലും തിങ്കളാഴ്ച വോട്ടെടുപ്പ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ജനവിധി തേടുന്നത്. കട്ടിമ, ഹല്‍ദ്വാനി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഇന്ന് നടക്കുന്ന പൊതുയോഗങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
വിര്‍ച്വല്‍ റാലികളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. 'എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക' എന്ന തത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 'വിജയ് സങ്കല്‍പ് സഭ'യില്‍ പറഞ്ഞത്. എന്നാല്‍ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വികസനവും ജനക്ഷേമവും ഉറപ്പുനല്‍കുന്ന സദുദ്ദേശമുള്ള പാര്‍ട്ടിയെ വോട്ടര്‍മാര്‍ പിന്തുണയ്ക്കും.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വ്യക്തമാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ജനം. ഉത്തരാഖണ്ഡിലെ അതിര്‍ത്തി ഗ്രാമങ്ങളെ അവഗണിച്ച മുന്‍ സര്‍ക്കാരുകളെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ശക്തമായ മത്സരമാണ് ഗോവയില്‍ ഇത്തവണ നടക്കുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമാണ്. തൃണമൂല്‍ കോണ്‍ഗ്രസും കളത്തിലുണ്ട്. രാഹുല്‍ ഗാന്ധി രണ്ടാം ഘട്ട പ്രചാരണത്തിനായി ഇന്നലെ ഗോവയിലെത്തിയിരുന്നു.