പാലായില്‍ ആവേശം കൊട്ടിയിറങ്ങി; ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍

ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാലാരിവട്ടം അഴിമതിയും കിഫ്ബിയും ആയുധമാക്കിയാണ് ഭരണ- പ്രതിപക്ഷ കക്ഷികള്‍ പോരടിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ വിജിലന്‍സിനെ ഉപയോഗിച്ച് കുരുക്ക് മുറുക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി പാലായില്‍ പര്യടനം നടത്തിയത്. എന്നാല്‍, പാലാരിവട്ടത്തെ നേരിടാന്‍ കിഫ്ബിയായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധം. കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.

Update: 2019-09-20 15:49 GMT

കോട്ടയം: പാലായുടെ മണ്ണില്‍ വിജയക്കൊടി പാറിക്കുമെന്ന പ്രഖ്യാപനവുമായി ഒരുമാസം നീണ്ടുനിന്ന മുന്നണികളുടെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ ആവേശോജ്ജ്വല സമാപനം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മുന്നണികളുടെ കലാശക്കൊട്ട്. യുഡിഎഫിന്റെ കൊട്ടിക്കലാശം പാലാ കുരിശുപള്ളി കവലയിലും എല്‍ഡിഎഫിന്റേത് മുനിസിപ്പല്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നിലുമായിരുന്നു. പാട്ടും നൃത്തവും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ന്നു. ചെണ്ടമേളവും വാദ്യമേളവും അരങ്ങുതകര്‍ത്തു. മുത്തുക്കുടയും അമ്മന്‍കുടവും ചാരുത പകര്‍ന്നു. മോഹന്‍ലാലിന്റെ ഡ്യൂപ്പും കലാഭവന്‍ മണിയുടെ ഡ്യൂപ്പും ആവേശം വിതറി.


 അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ പോലിസിന്റെ കര്‍ശനസുരക്ഷയുമൊരുക്കിയിരുന്നു. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വീടുകളും കടകളും കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരിക്കും വരുംദിവസങ്ങളില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫിലെയും എല്‍ഡിഎഫിലെയും മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള അവസാനദിവസത്തെ പരസ്യപ്രചാരണത്തിലും കൊട്ടിക്കലാശത്തിലും സജീവമായി. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലപ്രഖ്യാപനവുമുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം പരസ്യപ്രചാരണത്തിന് ഇന്നുകൂടി സമയമുണ്ട്.


 എന്നാല്‍, ശനിയാഴ്ച ശ്രീനാരായണഗുരു സമാധി ആയതിനാല്‍ പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. പ്രചാരണത്തിലുടനീളം യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തുപയറ്റി. രാഷ്ട്രീയപോരാട്ടത്തിനപ്പുറം പാലായില്‍ സഹതാപ ഫാക്ടറും യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷിക്കുന്നുണ്ട്. കെ എം മാണിയുടെ ഓര്‍മകള്‍ യുഡിഎഫിന് അധികവോട്ടായി മാറ്റാന്‍ സാധിക്കുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പരാജയപ്പെട്ട മാണി സി കാപ്പന് നാലാം അങ്കത്തില്‍ സഹതാപവോട്ട് ലഭിക്കുമെന്ന് ഇടതുപക്ഷവും കണക്കാക്കുന്നു.


ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാലാരിവട്ടം അഴിമതിയും കിഫ്ബിയും ആയുധമാക്കിയാണ് ഭരണ- പ്രതിപക്ഷ കക്ഷികള്‍ പോരടിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ വിജിലന്‍സിനെ ഉപയോഗിച്ച് കുരുക്ക് മുറുക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി പാലായില്‍ പര്യടനം നടത്തിയത്. എന്നാല്‍, പാലാരിവട്ടത്തെ നേരിടാന്‍ കിഫ്ബിയായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധം. കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ലാവ്‌ലിന്‍ കേസ് അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരേ പ്രയോഗിച്ചു. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മുന്നറിയിപ്പും നല്‍കി.


 എന്നാല്‍, സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള യോഗ്യത മുഖ്യമന്ത്രിക്കെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. വിധിയെഴുത്തിന് കാത്തുനില്‍ക്കുന്ന പാലായില്‍ വികസനത്തിനേക്കാളുപരി രാഷ്ട്രീയ ആരോപണങ്ങളാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ വിജയം പ്രവചിക്കുക അസാധ്യമാണ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പ്രതികരിച്ചു. ഇത്രയും വലിയ ആവേശം ഇതിന് മുമ്പൊന്നും പാലായിലെ തിരഞ്ഞെടുപ്പിനുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി വിരുദ്ധപ്രചാരണം ഉപതിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പാലായില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും ഉറപ്പിച്ചുപറയുന്നു. പാലായുടെ മണ്ണില്‍ കെ എം മാണിക്കല്ലാതെ മറ്റാര്‍ക്കും സൂചികുത്താനുള്ള ഇടംപോലും നല്‍കില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി പറയുന്നത്. അതേസമയം, കൊട്ടിക്കലാശത്തിലെ പി ജെ ജോസഫിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ചെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ജോസഫിന്റെ അഭാവം. അതേസമയം, പി ജെ ജോസഫ് കുടുംബയോഗങ്ങളുടെ തിരക്കിലാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാലായില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി അവകാശപ്പെടുന്നത്. 

Tags:    

Similar News