വിധിയെഴുത്തിനൊരുങ്ങി അഞ്ച് മണ്ഡലങ്ങള്‍; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോടുകൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദപ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടങ്ങളിലേക്കെത്തിയപ്പോഴാണ് പ്രചാരണം ചൂടുപിടിച്ചത്.

Update: 2019-10-19 01:41 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോടുകൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദപ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടങ്ങളിലേക്കെത്തിയപ്പോഴാണ് പ്രചാരണം ചൂടുപിടിച്ചത്. യുഡിഎഫിനെതിരായ പാലാരിവട്ടം പാലം അഴിമതിയും സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിനിറങ്ങിയ എല്‍ഡിഎഫിന് മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക് ദാന ആരോപണവും കനത്ത തിരിച്ചടിയായി.

അതേസമയം, പാലായിലെ തോല്‍വിയില്‍ ആശങ്കയിലായ യുഡിഎഫിന് കെ ടി ജലീലിനെതിരായ ആരോപണം യുഡിഎഫിന് തുറുപ്പുചീട്ടായി. ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ തവണത്തെ വോട്ടുപോലും ലഭിക്കാനിടയില്ലെന്ന ആശങ്കയിലാണ് എന്‍ഡിഎ ക്യാംപ്. വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ കണക്കുകൂട്ടല്‍. വട്ടിയൂര്‍കാവില്‍ അവസാനനിമിഷത്തെ പ്രധാന ചര്‍ച്ച യുഡിഎഫിനുള്ള എന്‍എസ്എസ്സിന്റെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവര്‍ത്തനവുംകൊണ്ട് എതിര്‍ഘടകങ്ങളെ മറികടക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. ശരിദൂരംവിട്ട് കരയോഗങ്ങള്‍ തോറും സമ്മേളനം വിളിച്ചാണ് യുഡിഎഫിനായി എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്കെത്തുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത പ്രചാരണ ചൂടാണ് കോന്നി മണ്ഡലത്തില്‍. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുറപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങളുമായാണ് എന്‍ഡിഎ നീങ്ങുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ അങ്കമാലി രൂപതയില്‍നിന്നുള്ള വൈദികനെയാണ് എന്‍ഡിഎ രംഗത്തിറക്കി. വിഘടിച്ച് പോവാനിടയുള്ള വോട്ടുകള്‍ പരമാവധി അനുകൂലമാക്കാന്‍ ഊര്‍ജിതശ്രമത്തിലാണ് എല്‍ഡിഎഫും യുഡിഎഫും. അരൂരിലും പോരാട്ടം കടുക്കുകയാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. അവസാന നിമിഷത്തിലും മുന്‍ എംഎല്‍എ, എ എം ആരിഫിനെ മുന്നില്‍നിര്‍ത്തിയാണ് എല്‍ഡിഎഫിന്റെ അണിയറനീക്കങ്ങള്‍.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം, ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും എല്‍ഡിഎഫ് ഉയര്‍ത്തിയത്. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീര്‍ണമായ രാഷ്ട്രീയസമവാക്യം നിര്‍ണായകഘടകമാവുമെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍, ഏതുവിധേനയും മണ്ഡലത്തെ ചുവപ്പണിയിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് എല്‍ഡിഎഫ്. പ്രചാരണം അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ മണ്ഡലത്തില്‍ എന്‍ഡിഎ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

Tags:    

Similar News