മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സമീപവാസികളെ ഒഴിപ്പിക്കുന്നു; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കലക്ടര്‍
മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമാണെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത പ്രതികരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കില്ലെന്നും ഉത്കര്‍ഷ് മേത്ത കൂട്ടിച്ചേര്‍ത്തു.
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമീപവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റും ആല്‍ഫ സെറീനുമാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ പോലിസിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കുന്നത്. ഇവരെ കൊണ്ടുപോവുന്നതിനായി പ്രത്യേക ബസ്സുകളും എര്‍പ്പാട് ചെയ്തിരുന്നു. ഫ്‌ളാറ്റ് പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പ്രതികരിച്ചു. ഒമ്പത് മണിക്കുള്ളില്‍ ഫ്‌ളാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്നും 10.30 ഓടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പോലിസിന്റെയും അധികാരികളുടെയും നടപടികള്‍ക്കെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. രാവിലെ ഒമ്പതുമണിക്കുള്ളില്‍ ഒഴിയാനാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ എട്ടുമണി മുതല്‍ പോലിസ് തങ്ങളോട് പോവാന്‍ പറയുകയാണ്. എന്നാല്‍, എങ്ങോട്ടാണ് പോവുന്നതെന്നോ എപ്പോള്‍ മടക്കിക്കൊണ്ടുവരുമെന്നോ ആരും പറഞ്ഞിട്ടില്ല. ഒരു നോട്ടീസ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലോ മറ്റോ കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിരോധനാജ്ഞ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. നേരത്തെ 12 മണിക്ക് മടങ്ങിവരാമെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ നാലുമണിയാണ് പറയുന്നത്. അതുവരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റിന് മുന്നില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്‌ഫോടനം നടക്കുമ്പോഴുണ്ടാവുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെന്നൈ ഐഐടിയില്‍നിന്നുള്ളവര്‍ പറഞ്ഞു. 200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചുതുടങ്ങി. രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡിറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണക്ഷന്‍ നല്‍കുന്നതിനായാണ് ഇവരെത്തിയത്. മരട് നഗരസഭ ഓഫിസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്. മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമാണെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത പ്രതികരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കില്ലെന്നും ഉത്കര്‍ഷ് മേത്ത കൂട്ടിച്ചേര്‍ത്തു.