മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്

ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടുപോവുന്നതിനിടിയില്‍ സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെക്കൊണ്ട് സുപ്രിംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

Update: 2019-09-17 02:26 GMT

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രിംകോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് 3.30ന് തിരുവനന്തപുരത്താണ് യോഗം. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടുപോവുന്നതിനിടിയില്‍ സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെക്കൊണ്ട് സുപ്രിംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്‌ളാറ്റുടമകളുടെ എതിര്‍പ്പും സത്യവാങ്മൂലമായി 20ന് കോടതിയില്‍ നല്‍കും. സപ്തംബര്‍ 20നുള്ളില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപോര്‍ട്ട് നല്‍കാനാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍പോലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വകക്ഷിയോഗം ചേരുന്നത്. ഫ്‌ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ സുപ്രിംകോടതി ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോടതിയെ ചൊടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം.

മാത്രമല്ല, സുപ്രിംകോടതിയില്‍നിന്ന് കഴിഞ്ഞ കുറച്ചുനാളുകളായി എതിര്‍പരാമര്‍ശങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ തുടര്‍തീരുമാനങ്ങള്‍ സര്‍വകക്ഷിയോഗത്തിന്റെ അഭിപ്രായത്തിന് വിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്കുവരും. അതേസമയം, ഫ്‌ളാറ്റുടമകളുടെ ഭാഗം കോടതി കേട്ടിട്ടില്ല, ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ പൊളിക്കുമ്പോഴുണ്ടാവുന്ന പാരിസ്ഥിതികപ്രശ്‌നം, ചുരുങ്ങിയ സമയത്തിനുള്ളില്‍ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നിവ കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഡല്‍ഹിക്ക് തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയൊരു റിവ്യു ഹരജിയുടെ സാധ്യതകളെക്കുറിച്ച് വ്യത്യസ്തമായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, മരട് ഫ്‌ളാറ്റ്
 വിഷയത്തില്‍ ഭരണകക്ഷിയില്‍തന്നെ വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നത്. സിപിഎം താമസക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുമ്പോള്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. സര്‍വകക്ഷിയോഗത്തില്‍ സിപിഐ എന്തുനിലപാട് സ്വീകരിക്കണമെന്നതും നിര്‍ണായകമാണ്. 

Tags:    

Similar News