മരട് ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

Update: 2019-09-28 12:28 GMT

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സുപ്രിംകോടതി. നിര്‍മാതാക്കളുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി.

ഫ്‌ലാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരമായി നല്‍കുന്ന തുക ബില്‍ഡര്‍മാരില്‍നിന്നും പ്രമോട്ടര്‍മാരില്‍നിന്നും നിര്‍മാണങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബില്‍ഡര്‍മാരെയും പ്രമോട്ടര്‍മാരെയും നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ യഥാര്‍ഥ തുക തിട്ടപ്പെടുത്തണം. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി ഇടക്കാല നഷ്ടപരിഹാര വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശമുണ്ട്.

പോള്‍ രാജ് (ഡയറക്ടര്‍, ആല്‍ഫാ വെഞ്ചേഴ്‌സ്), സാനി ഫ്രാന്‍സിസ് (മാനേജിങ് ഡയറക്ടര്‍, ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപേഴ്‌സ്), സന്ദീപ് മാലിക് (മാനേജിങ് ഡയറക്ടര്‍, ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍), കെവി ജോസ് (മാനേജിങ് ഡയറക്ടര്‍, കെപി വര്‍ക്കി ആന്‍ഡ് ബില്‍ഡേഴ്‌സ്) എന്നിവരുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. ഇവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ രജിസ്ട്രിക്കു കോടതി നിര്‍ദേശം നല്‍കി.

വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതി ഒക്ടോബര്‍ 25ന് അറിയിക്കണം. ഉത്തരവു നടപ്പാക്കിയെങ്കില്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകേണ്ടതില്ല. എന്നാല്‍ ഉത്തരവു നടപ്പായില്ലെങ്കില്‍ അടുത്ത തവണ വീണ്ടും ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. 

Tags:    

Similar News