മലപ്പുറം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ 'പൊരുത്തം2019' എന്ന പേരില്‍ സംസ്ഥാന തല ഭിന്നശേഷി വിവാഹ കൂടിക്കാഴ്ച സംഗമം തിരൂരില്‍ നടക്കും. എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡിന്റെയും കേരള മാരേജ് ഡോട്ട് കോ മിന്റെയും ആഭിമുഖ്യത്തില്‍ സപ്തംബര്‍14, 15 തിയ്യതികളില്‍ തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് സംസ്ഥാന തല സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
പുളിക്കല്‍ എബിലിറ്റി ക്യാംപസ്സില്‍ നടന്നുവരുന്ന, ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമായാണ് എബിലിറ്റി ഈ സംരംഭവും സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ മതസ്തരടക്കം 3000ത്തോളം പേര്‍ വിവാഹന്വേഷണ സംഗമത്തില്‍ പങ്കെടുക്കും. സൗകര്യത്തിനായി ആദ്യ ദിനമായ സപ്തംബര്‍ 14ന് മുസ്‌ലിം വിവാഹ കൂടിയാലോചനയും 15ന് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹ കൂടിയാലോചനക്കായും നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. രജിസ്‌ട്രേഷന്: keralamarriage.com/porutham എന്ന വെബ് പേജില്‍ സൗജന്യമായി രജിസ്ടറ്റര്‍ ചെയ്യാവുന്നതാണ്. പത്രസമ്മേളനത്തില്‍ സംഘാടകരായ കൈനിക്കര ഷാഫി ഹാജി, മുസ്തഫ മാണാക്കുത്ത്, പിപി അബ്ദുറഹിമാന്‍, മുജീബ് താനാളൂര്‍, സിപി ഷബീറലി പങ്കെടുത്തു.