എംബിബിഎസ് പരീക്ഷാ ഹാളുകളിൽ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്
സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളിൽ ഇനി മുതൽ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്. ആരോഗ്യ സർവകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വിദ്യാർഥികൾക്ക് സമയം അറിയാനായി എല്ലാ ഹാളുകളിലും ക്ലോക്ക് വെക്കാൻ കോളജുകൾക്ക് നിർദേശം നൽകി. സാധാരണ ബോൾ പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ ഇനി വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളു. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ അഭരണങ്ങൾ ധരിച്ച് പരീക്ഷ ഹാളുകളിൽ എത്തരുതെന്നും നിർദേശമുണ്ട്.