ആരോഗ്യസര്‍വകലാശാലയുടെ പരീക്ഷകള്‍ 21 മുതല്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തേണ്ടതാണ്.
തിരുവനന്തപുരം: ആരോഗ്യസര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂണ്‍ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തേണ്ടതാണ്.
പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയില്‍ പോസിറ്റീവായ വിദ്യാര്‍ഥികളെ മറ്റൊരു ഹാളിലിരുത്തും. ഇവിടെ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നതാണ്. പരീക്ഷാ ഹാളില്‍ 2 മീറ്റര്‍ അകലത്തിലാണ് വിദ്യാര്‍ഥികള്‍ ഇരിക്കേണ്ടത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഹോസ്റ്റലില്‍ വരേണ്ട വിദ്യാര്‍ഥികള്‍ കഴിവതും നേരത്തെ കൊവിഡ് പരിശോധന നടത്തി ഹോസ്റ്റലില്‍ എത്തേണ്ടതാണ്. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും വീട്ടില്‍നിന്നും വരുന്ന വിദ്യാര്‍ഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ഥികള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്.
രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന കൂടി നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി. പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുന്നതാണ്. അതുപോലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോവാനും അനുമതി നല്‍കും.
പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹനസൗകര്യങ്ങള്‍ കോളജ് തന്നെ ഒരുക്കേണ്ടതാണ്. ജൂലൈ ഒന്നോടുകൂടി പരിശോധിച്ച ശേഷം പടിപടിയായി നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. ആദ്യം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളായിരിക്കും ആരംഭിക്കുക. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകളും ആരംഭിക്കുന്നതാണ്. തിയറി ക്ലാസുകള്‍ കോളജ് തുറന്നാലും ഓണ്‍ലൈനായി തന്നെ നടത്തും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.
ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാബീവി, ജോ.ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. സി പി വിജയന്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. അനില്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. മനോജ് കുമാര്‍, ഡീന്‍ സ്റ്റുഡന്റ് അഫയോഴ്‌സ് ഡോ. ഇക്ബാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.