രമ്യ ഹരിദാസിനെതിരേ വനിതാ കമ്മീഷന്‍ അധ്യക്ഷ

Update: 2019-05-28 17:17 GMT

തിരുവനന്തപുരം: ആലത്തൂര്‍ നിയുക്ത എംപി രമ്യാ ഹരിദാസിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ അപമാനിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരേ വനിതാ കമ്മീഷന്‍ നടപടി എടുത്തില്ലെന്നു നേരത്തെ രമ്യ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണു രമ്യക്കെതിരേ ജോസഫൈന്‍ രംഗത്തെത്തിയത്. വിജയരാഘവന്റെ പരാര്‍ശത്തിനെതിരേ രമ്യ കമ്മീഷനു പരാതി നല്‍കിയിട്ടില്ല. എങ്കിലും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വിഷയത്തില്‍ കേസെടുത്തിരുന്നു. ആ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേസെടുത്തോ എന്നു പോലും അന്വേഷിക്കാന്‍ മുതിരാതെയാണ് രമ്യ കമ്മീഷനെതിരേ രംഗത്തെത്തിയത്. ഇപ്പോഴത്തെ വിമര്‍ശനം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണെന്നും ജോസഫൈന്‍ പറഞ്ഞു.

വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍ നിന്നും സര്‍ക്കാറില്‍ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കവെ രമ്യ പറഞ്ഞത്. കമ്മീഷന്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം. ഏതൊരു സ്ത്രീയുടെയും പരാതി പരിഗണിക്കുന്ന തരത്തിലാവണം കമ്മീഷന്റെ പ്രവര്‍ത്തനമെന്നും രമ്യ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോള്‍ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്.

രാഷ്ട്രീയവും മതവുമെല്ലാം പരിഗണിച്ചാണ് കമ്മീഷന്‍ വിഷയങ്ങളിലിടപെടുന്നതെന്ന വിമര്‍ശനം നേരത്തേയും ഉയര്‍ന്നിരുന്നു. ഹാദിയ വിഷയത്തിലടക്കമായിരുന്നു വിമര്‍ശനം. ഹാദിയയെ വീട്ടു തടങ്കലില്‍ നിന്നു മോചിപ്പിക്കുന്നതിനു ഇടപെടണമെന്നാവശ്യപ്പെട്ടു നിരവധി തവണ സമീപിച്ചിരുന്നെങ്കിലും കമ്മീഷന്‍ വിഷയത്തിലിടപെട്ടില്ലെന്നും പരാതികളുയര്‍ന്നിരുന്നു. 

Tags:    

Similar News