പിരിവെടുത്ത് കാര്‍ വേണ്ട; വിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റി രമ്യാഹരിദാസ്
നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഈ തീരുമാനമാണ് വിവാദങ്ങള്‍ക്കൊടുവില്‍ രമ്യാ ഹരിദാസ് മാറ്റിയത്.
തിരുവനന്തപുരം: കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദമായതോടെ വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യാഹരിദാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് പുതിയ തീരുമാനം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം മദര്‍ തെരേസയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഈ തീരുമാനമാണ് വിവാദങ്ങള്‍ക്കൊടുവില്‍ രമ്യാ ഹരിദാസ് മാറ്റിയത്.
'എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ KPCC പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക്
ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും അശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളില്‍ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.' രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് നേരത്തെ രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്റെ ചുമതല. എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.
ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച് പണപ്പിരിവ് നടന്നിരുന്നത്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടിയത്. 25ന് പിരിച്ച തുക പാര്‍ലമെന്റ് കമ്മിറ്റിയെ എല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പതിന് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് താക്കോല്‍ കൈമാറുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.
എന്നാല്‍ പണപ്പിരിവ് നടത്തി കാര്‍ വാങ്ങാനുള്ള തീരുമാനം വിവാദങ്ങള്‍ക്കിടയാക്കി. എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്.