മലയാള പത്രങ്ങളുടെ ഈറ്റില്ലങ്ങളിലൂടെ മാധ്യമ ചരിത്രയാത്ര

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് തുടങ്ങി തലശ്ശേരി ഇല്ലിക്കുന്നില്‍ അവസാനിക്കുന്ന യാത്രയില്‍ 50 മാധ്യമവിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

Update: 2019-02-19 11:51 GMT
മാധ്യമ ചരിത്രയാത്രയുടെ ലോഗോ പ്രകാശനം മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി സംവിധായിക വിധു വിന്‍സന്റിന് നല്‍കി നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി മലയാള പത്രങ്ങളുടെ ഈറ്റില്ലങ്ങളിലൂടെ നടത്തുന്ന മാധ്യമ ചരിത്രയാത്ര 21ന് തുടങ്ങും. മാധ്യമമൂല്യം തിരിച്ചുപിടിക്കുകയെന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് തുടങ്ങി തലശ്ശേരി ഇല്ലിക്കുന്നില്‍ അവസാനിക്കുന്ന യാത്രയില്‍ 50 മാധ്യമവിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. 21ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം കേരളകൗമുദി ഓഫീസ് അങ്കണത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ യാത്ര ഉദ്ഘാടനംചെയ്യും. പത്രാധിപര്‍ കെ സുകുമാരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ നെയ്യാറ്റിന്‍കരയിലെ കൂടിവില്ലാ വീട്ടില്‍നിന്ന് യാത്രതുടങ്ങുക. മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

'സാധുജനപരിപാലിനി' പത്രം നടത്തിയ അയ്യങ്കാളിയുടെ ജന്മാനാടായ വെങ്ങാനൂര്‍, വക്കം മൗലവിയുടെ നാടായ വക്കം, കുമാരനാശാന്റെ നാടായ കായിക്കര, 'വിദൂഷകനും' 'സുജനാനന്ദിനിയും' പുറത്തിറങ്ങിയ പരവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ആദ്യപത്രമായ രാജ്യസമാചാരം പുറത്തിറങ്ങിയ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ യാത്രയെത്തുക. ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെ ഉള്‍പ്പെടുത്തി 23ന് കാര്‍ട്ടൂണ്‍ കോണ്‍ക്ലേവ് കൊല്ലത്ത് നടക്കും. കോട്ടയത്ത് മാധ്യമ-സാഹിത്യ പ്രവര്‍ത്തകരുടെ സംഗമം, എറണാകുളത്ത് പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്ന ഫോട്ടോ വാക്ക്, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പരിസ്ഥിതിപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ട്രീ വാക്ക്, കോഴിക്കോട് നാഷണല്‍ വിമന്‍ ജേര്‍നലിസ്റ്റ് കോണ്‍ക്ലേവ്, ടിവി കാമറാന്മാര്‍ പങ്കെടുക്കുന്ന വീഡിയോ വാക്ക് തുടങ്ങിയവയും നടക്കും. കേരള പത്രപ്രവര്‍ത്തകയൂനിയന്‍, സംസ്ഥാന വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന യാത്രയുടെ ലോഗോ പ്രകാശനം മുന്‍മന്ത്രി എം എ ബേബി സംവിധായക വിധു വിന്‍സെന്റിന് നല്‍കി നിര്‍വഹിച്ചു.

Tags:    

Similar News