പിതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് മുന്‍ഭാര്യയുടെ വീട്ടിലെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; കലക്ടറെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ആത്മഹത്യാക്കുറിപ്പ്
കാസര്‍കോട്: പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയെ മുന്‍ഭാര്യയുടെ വീട്ടിലെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. കുടുംബപ്രശ്‌നമാണ് മരണകാരണമെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 2024 ഏപ്രിലിലാണ് പിതാവ് അപ്പക്കുഞ്ഞിനെ പ്രമോദ് തലയ്ക്കടിച്ചു കൊന്നത്. കേസില്‍ ഒക്ടോബറിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. കേസിലെ വിചാരണാ നടപടികള്‍ നടക്കുന്നതിനിടെ ഭാര്യ ഇയാളില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു.
ഇതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇവരുടെ വീട്ടിലെ കിണറിന്റെ കപ്പികെട്ടുന്ന കമ്പിയിലാണ് മൃതദേഹം തൂങ്ങിനിന്നത്. മുന്‍ഭാര്യയുടെ പിതാവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയേയും മകളെയും ചിലബന്ധുക്കള്‍ ഇടപെട്ട് തന്നില്‍ നിന്ന് അകറ്റിയെന്നും ആത്മഹത്യക്ക് കാരണം ഇവരാണെന്നും പ്രമോദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ് പറയുന്നു. കാസര്‍കോട് കലക്ടറേയും പോലിസ് മേധാവിയേയും ഇതില്‍ ടാഗ് ചെയ്തിട്ടുണ്ട്.