പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂര്‍ത്തീകരിക്കും: മന്ത്രി എ കെ ബാലന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് 164 കോളനികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-09-22 12:29 GMT
കോഴിക്കോട്: അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂര്‍ത്തീകരിച്ച് ശ്രദ്ധിക്കപ്പെടുന്ന രൂപത്തില്‍ കോളനികളെ മാറ്റുമെന്ന് പട്ടികജാതിപട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുറ്റിയാടി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് പട്ടികജാതി സങ്കേതങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുത്ത 207 കോളനികളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് 164 കോളനികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ 273 കോളനികള്‍ കൂടി ഏറ്റെടുത്തു. അതില്‍ 24 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 249 കോളനികളുടെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഒരു കോളനിയില്‍ ഒരു കോടി രൂപ വരെ ചെലവഴിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ഒരുക്കല്‍, വൈദ്യുതീകരണം, പൊതു ഇടങ്ങളുടെ നിര്‍മാണം, ശ്മശാന നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ചെറിയ തൊഴില്‍ സംരംഭങ്ങള്‍ എന്നിവയാണ് നടത്തുന്നത്.

12500 പഠന മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.. 25000 പഠന മുറികളാണ് ലക്ഷ്യം. ബാക്കിയുള്ളത് ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 60,073 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 29710 വീടുകള്‍ പട്ടികവര്‍ഗ്ഗത്തിനും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

നാല് വര്‍ഷത്തിനിടയില്‍ പട്ടികജാതിയില്‍ പെട്ട 16729 പേര്‍ക്ക് അഞ്ചു സെന്റ് സ്ഥലം വാങ്ങാന്‍ ധനസഹായം നല്‍കി. കൂടാതെ പട്ടികജാതിക്കാര്‍ക്ക് ചികിത്സാ സഹായമായി 157 കോടി രൂപ അനുവദിച്ചു. 82313 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ചികിത്സാസഹായത്തിനുള്ള അപേക്ഷയും നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കി. പെണ്‍കുട്ടികളുടെ സാമൂഹ്യ പുരോഗതിക്കായി വാത്സല്യനിധി എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. 18 വയസാകുമ്പോള്‍ മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

കുറ്റിയാടി മണ്ഡലത്തിലെ തിരുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തി, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലയാട് എന്നിവിടങ്ങളിലാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി സങ്കേതങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിച്ചു. പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ, തിരുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ മാസ്റ്റര്‍, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ, ജില്ല പട്ടികജാതി വികസന ഓഫീസര്‍ കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News