അര്‍ഹരായവരുടെ മുന്‍ഗണന റേഷന്‍ കാര്‍ഡ് വിതരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി ജി ആര്‍ അനില്‍
1,34,000 കാര്‍ഡുകളാണ് അനര്‍ഹരായ കാര്‍ഡ് ഉടമകള്‍ സര്‍ക്കാരിന് സ്വയം തിരികെ നല്‍കിയത്. ഇതിലൂടെ അത്ര തന്നെ അര്‍ഹര്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ സാധിക്കും.റേഷന്‍ കാര്‍ഡ് ലഭ്യമല്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകില്ല. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ: അര്‍ഹരായവര്‍ക്കുള്ള മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നവീകരിച്ച സപ്ലൈകോ ശബരി മെഡിക്കല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
1,34,000 കാര്‍ഡുകളാണ് അനര്‍ഹരായ കാര്‍ഡ് ഉടമകള്‍ സര്‍ക്കാരിന് സ്വയം തിരികെ നല്‍കിയത്. ഇതിലൂടെ അത്ര തന്നെ അര്‍ഹര്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. കേരളത്തില്‍ പൊതു വിതരണ വകുപ്പ് മാവേലിസ്‌റ്റോര്‍, സപ്ലൈകോ ഔട്ട്‌ലെറ്റ്, ശബരി മെഡിക്കല്‍ സ്‌റ്റോര്‍ തുടങ്ങി 31 വില്‍പ്പന കേന്ദ്രങ്ങളാണ് വിവിധ സ്ഥലങ്ങളിലായി ഓണത്തിന് മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കുക. റേഷന്‍ കാര്‍ഡ് ലഭ്യമല്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകില്ല.
സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവിധ ഇംഗ്ലീഷ് മരുന്നുകളും ന്യായമായ വിലയ്ക്ക് ലഭ്യമാകുന്ന സപ്ലൈകോയുടെ മെഡിക്കല്‍ സ്‌റ്റോറില്‍ 15 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും ബിപിഎല്‍. കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം വിലകുറവിലും എല്ലാ മരുന്നുകളും ലഭ്യമാക്കും.പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.