പാലാരിവട്ടം പാലം: സുപ്രീംകോടതി വിധി എന്തായാലും സർക്കാർ അംഗീകരിക്കും- മന്ത്രി ജി സുധാകരൻ
ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരേ നിയമ നടപടി തുടരില്ലെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന മൂലം പാലത്തിന് വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് എതിർക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ സുപ്രീംകോടതി വിധി എന്തായാലും സർക്കാർ അംഗീകരിക്കും.
പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വിഷയം പി ടി തോമസ് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരേ നിയമ നടപടി തുടരില്ലെന്ന് മന്ത്രി പറഞ്ഞു.
എറണാകുളത്തുകാർ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നമില്ല. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.