പീച്ചി ഡാം: സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു.

Update: 2020-09-22 12:21 GMT
തൃശൂര്‍: പീച്ചി ഡാമിലെ വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. പീച്ചി ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു. ഡാമില്‍നിന്ന് വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാല്‍വിനുള്ളിലെ ഷട്ടറാണ് തകര്‍ന്നത്.

കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിങ് ടീമും തുടരുകയാണ്. എമര്‍ജന്‍സി ഷട്ടറില്‍ കുടുങ്ങിയ മരക്കഷ്ണം ഡൈവിങ് ടീം നീക്കം ചെയ്തു. ഷട്ടര്‍ അടച്ച ശേഷം വാല്‍വ് ഊരി അറ്റകുറ്റപണികള്‍ക്കായി നല്‍കും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിക്കൊപ്പം ഗവ. ചീഫ് വിപ്പ് കെ. രാജന്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്, കൊച്ചി നേവി, ഇറിഗേഷന്‍ വകുപ്പ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, കെഎസ്ഇബി, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.




Tags:    

Similar News