അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഴുവന്‍ തീരവും സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ 590 കി.മി. തീരദേശ മേഖലയില്‍ 310കി.മി. സ്ഥലത്ത് മാത്രമാണ് നിലവില്‍ കടല്‍ ഭിത്തിയുള്ളത്. കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ഉടന്‍ അവ നിര്‍മിക്കും. കടല്‍ ഭിത്തിക്ക് ബലക്ഷയം ഉള്ള സ്ഥലങ്ങളില്‍ അവ ബലപ്പെടുത്തും. കടലാക്രമണം രൂക്ഷമായ മേഖലകളില്‍ പ്രത്യേക പഠനം നടത്തി ശാസ്ത്രീയമായ രീതിയിലാകും കടല്‍ ഭിത്തി നിര്‍മിക്കുക

Update: 2021-07-03 15:37 GMT
അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഴുവന്‍ തീരവും സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഴുവന്‍ തീരവും സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നല്‍കുന്ന ഫൈബര്‍ റീ- ഇന്‍ഫോഴ്സ്ഡ് വള്ളത്തിന്റേയും വലയുടെയും വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 590 കി.മി. തീരദേശ മേഖലയില്‍ 310കി.മി. സ്ഥലത്ത് മാത്രമാണ് നിലവില്‍ കടല്‍ ഭിത്തിയുള്ളത്. കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ഉടന്‍ അവ നിര്‍മിക്കും. കടല്‍ ഭിത്തിക്ക് ബലക്ഷയം ഉള്ള സ്ഥലങ്ങളില്‍ അവ ബലപ്പെടുത്തും.

കടലാക്രമണം രൂക്ഷമായ മേഖലകളില്‍ പ്രത്യേക പഠനം നടത്തി ശാസ്ത്രീയമായ രീതിയിലാകും കടല്‍ ഭിത്തി നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു. ടെട്രാപാഡ്, ജിയോ ട്യൂബ്, ജൈവ കവചം തുടങ്ങിയ പദ്ധതികളാണ് തീരമേഖലയുടെ സംരക്ഷണത്തിനായി നടപ്പാക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് തീരമേഖലയുടെ 50മീറ്റര്‍ പരിധിയില്‍ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുന്ന സ്ഥലത്ത് ജൈവ പദ്ധതി നടപ്പാക്കും.

ചെല്ലാനം, ശംഖുമുഖം എന്നീ പ്രദേശങ്ങളില്‍ തീര സംരക്ഷണത്തിനായി മോഡല്‍ പദ്ധതികള്‍ നടന്നു വരുന്നു. തീരദേശവാസികളുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് തീര മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഉള്‍പ്പടെ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.വലയുടെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വഹിച്ചു.

സ്വന്തമായി മത്സ്യബന്ധനോപാധികള്‍ ഇല്ലാത്ത സമുദ്ര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് വള്ളം നല്‍കുന്നത്. 75 ശതമാനം സബ്‌സിഡി നിരക്കിലാണ് വള്ളം നല്‍കുന്നത്. 93 പേര്‍ക്കാണ് പദ്ധതി പ്രകാരം വള്ളം ലഭിക്കുക. 38 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 11 പേര്‍ക്കാണ് പുതിയ വല നല്‍കുന്നത്. 50 ശതമാനം സബ്‌സിഡി നിരക്കിലാണിത് നല്‍കുന്നത്. അഞ്ചര ലക്ഷം രൂപയാണ് അടങ്കല്‍ തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഉപഡയറക്ടര്‍ എസ്.ഐ. രാജീവ് പദ്ധതി വിശദീകരിച്ചു.

Tags:    

Similar News