ലോക്ക് ഡൗൺ: സംസ്ഥാനത്തിന് 50,000 കോടിയുടെ വരുമാന നഷ്ടമെന്ന് ധനമന്ത്രി
ഈമാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചൻ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. ഈമാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചൻ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിൽ സംസ്ഥാനത്ത് കർശന ഉപാധികളോടെ ഇളവുകൾ ഉണ്ടാകും. ഇപ്പോൾ മനുഷ്യജീവനാണ് മുൻഗണന. സംസ്ഥാനത്ത് രോഗം പൂർണമായി മാറുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. കേന്ദ്ര സർക്കാരിനെയും ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ലഭിക്കാനുള്ള പണം പോലും കേന്ദ്രം തരുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും ഐസക്ക് പറഞ്ഞു.