ഡോ. അരുണ്‍ ഉമ്മന്റെ പുസ്തകം 'മസ്തിഷ്‌കം പറയുന്ന ജീവിതം' ; മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു
ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
കൊച്ചി: ഡോ. അരുണ്‍ ഉമ്മന്‍ രചിച്ച 'മസ്തിഷ്‌കം പറയുന്ന ജീവിതം ' എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചടങ്ങില്‍ പങ്കെടുത്തു. ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മനുഷ്യ ശരീരത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതില്‍ തലച്ചോറിന്റെ പങ്ക് വളരെ വലുതാണ്. ഇത് സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥമാണ് 'മസ്തിഷ്‌കം പറയുന്ന ജീവിതം' എന്ന് ' പുസ്തകം പരിചയപ്പെടുത്തി ഡോ. വി പി ഗംഗാധരന്‍ അവതാരികയില്‍ കുറിച്ചു.വിവിധ രോഗങ്ങളുടെ കാരണവും പരിഹാരവും ലളിതമായി പുസ്തകത്തില്‍ വിവരിക്കുന്നു. കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജനാണ് ഡോ.അരുണ്‍ ഉമ്മന്‍.
'മനുഷ്യ മനസിന്റെ ഇച്ഛാശക്തിയെക്കുറിച്ചും അധ്യാപക വിദ്യാര്‍ഥി ബന്ധത്തെക്കുറിച്ചും കുട്ടികളുടെ കഴിവുകള്‍ കണ്ടുപിടിച്ച് പ്രോല്‍സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ കാര്യകാരണസഹിതം വിവരിക്കുന്നത് തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണെന്നത് ലേഖനങ്ങള്‍ക്ക് ജീവന്റെ തുടിപ്പുകള്‍ നല്‍കുന്നു. സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില ന്യൂറോളജി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള ചികില്‍സാരീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ ഒരു ചികില്‍സാ വിദഗ്ദന്റെ വാക്കുകളാണെന്ന് നിസ്സംശയം പറയാമെന്നും ഡോ. വി പി ഗംഗാധരന്‍ ചൂണ്ടിക്കാട്ടുന്നു.