ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വീണ്ടും ഭൂചലനം

രാത്രി 7.43നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഭൂചലനത്തിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രിയിലും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Update: 2020-02-28 15:45 GMT

ഇടുക്കി: തുടര്‍ച്ചയായ രണ്ടാം ദിനവും ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. രാത്രി 7.43നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഭൂചലനത്തിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രിയിലും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ചയുണ്ടായതുപോലെതന്നെ പ്രകമ്പനത്തോടെയാണ് ഇന്നും ഭൂചലനമുണ്ടായത്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി രണ്ട് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി അനുഭവപ്പെട്ടത്. രാത്രി 10.15നും 10.25നും ഇടയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങളുണ്ടായത്.

നേരിയ പ്രകമ്പനത്തോടെയുണ്ടായ ശക്തമായ മുഴക്കം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തിരുന്നു. 2018ലെ പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയില്‍ത്തന്നെ വലിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയ പ്രളയമാണ് കടന്നുപോയത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ രണ്ടുദിവസവും ഭൂചലനങ്ങളുണ്ടായത് ഇടുക്കി നിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News