സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പോലിസിനോട് വിശദീകരണം തേടി ഹൈക്കോടതി
സെപ്തംബർ 29നാണ് മൽസ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്നത്. കാണാതായി ഒരുമാസം കഴിഞ്ഞിട്ടും പോലിസിന് സൂചനകൾ ഒന്നും കിട്ടിയില്ല.
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തിൽ പോലിസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. സജീവനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു.
സെപ്തംബർ 29നാണ് മൽസ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്നത്. കാണാതായി ഒരുമാസം കഴിഞ്ഞിട്ടും പോലിസിന് സൂചനകൾ ഒന്നും കിട്ടിയില്ല. പിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി പോലിസിന് നോട്ടീസ് അയച്ചു. ഡിജിപിക്കടക്കം അയച്ച നോട്ടീസിൽ ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ബ്രാഞ്ച് സമ്മേളനത്തിന്റെ തലേന്ന് സജീവനെ കാണാതായതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഔദ്യോഗിക വിഭാഗത്തിനെതിരേ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതാണെന്നും ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനം ഔദ്യോഗിക പക്ഷം പിടിച്ചു. അന്വേഷണം ഊർജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് മുൻമന്ത്രി ജി സുധാകരൻ ജില്ലാ പോലിസ് മേധാവിയെ കണ്ടിരുന്നു. പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ജി സുധാകരന്റെ ഇടപെടൽ ഔദ്യോഗിക പക്ഷത്തിനെതിരായ നീക്കമെന്നാണ് സൂചന.