ആശങ്കയ്ക്ക് വിരാമം; കോട്ടയത്തുനിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

Update: 2020-03-03 01:38 GMT

കോട്ടയം: കാണക്കാരിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ ഉള്‍പ്പടെയുള്ള നാലംഗസംഘത്തെയാണ് ഇന്ന് പുലര്‍ച്ചെ അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് കുറവിലങ്ങാട് പോലിസ് കണ്ടെത്തിയത്. തിങ്കളാഴ്ച സ്‌കൂളില്‍ പരീക്ഷയ്ക്കുപോയ വിദ്യാര്‍ഥികളെയാണ് ഉച്ചയ്ക്കുശേഷം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി കാണാതായത്. കുട്ടികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലിസിനെ സമീപിച്ചത്.

കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനിലാണുള്ളത്. കുട്ടികളുടെ വീട്ടുകാരെ പോലിസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തശേഷമാവും കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിടുക. പുലര്‍ച്ചെയായതിനാല്‍ വിദ്യാര്‍ഥികളെ വിശദമായി ചോദ്യംചെയ്തില്ലെന്നും എന്തുകാരണത്താലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് മുങ്ങിയതെന്ന് അറിയില്ലെന്നും കുറവിലങ്ങാട് പോലിസ് അറിയിച്ചു. 

Tags:    

Similar News