ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി; ആകെ വാക്‌സിനേഷന്‍ 21 ശതമാനം

Update: 2022-01-07 17:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763, കോഴിക്കോട് 5364, വയനാട് 2161, കാസര്‍ഗോഡ് 2905 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. കുട്ടികള്‍ക്കായി 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1642 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനം പേര്‍ക്ക് (2,63,70,231) ഒരു ഡോസ് വാക്‌സിനും 81 ശതമാനം പേര്‍ക്ക് (2,15,57,419) രണ്ട് ഡോസ് വാക്‌സിനും നല്‍കി. ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യകേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

Tags:    

Similar News