അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ രേഖപ്പെടുത്തി അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ അപകട മേഖലകളെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ രേഖപ്പെടുത്തി അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിന് പുറമെ പോലിസ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്കായിരിക്കും വിവരങ്ങള്‍ ലഭ്യമാകുന്നത്.
മൂന്ന് വര്‍ഷത്തിനിടെ അഞ്ചോ അതിലധികമോ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കണ്ടെത്തി മാപ്പിങ്ങ് നടത്തും. ഇത്തരത്തില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന ഒന്നു മുതല്‍ മൂന്നു വരെ കിലോമീറ്ററുകള്‍ വരെ ദൈര്‍ഘ്യമുള്ള സ്‌ട്രെച്ചുകള്‍ കണ്ടെത്തിയായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മേഖലയില്‍ തുടര്‍ച്ചയായി അപകടമുണ്ടാകാന്‍ കാരണമെന്തെന്ന് പരിശോധിക്കും.
അപകട കാരണം റോഡിന്റെ അപാകതയോ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാണോ എന്നും പരിശോധിക്കും.ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമായിരിക്കും വിവരങ്ങള്‍ ലഭ്യമാകുന്നത്. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഗൂഗിളിന്റെ അനുവാദം ആവശ്യമാണ്. സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും മാപ്പിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നടത്തും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ 15,000 റോഡപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എംസി റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ-അങ്കമാലി സ്‌ട്രെച്ചില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറിലധികം അപകടങ്ങളാണ് സംഭവിച്ചത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം മേഖലകളിലും നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ദേശീയ പാതയില്‍ കളമശേരി മേഖലയിലും നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കൊച്ചി നഗരത്തില്‍ വിവിധ അപകട സാധ്യത മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി മാപ്പിങ്ങ് പൂര്‍ത്തിയാക്കും. നിലവില്‍ പാലക്കാട് ജില്ലയിലാണ് മാപ്പിങ്ങ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.