ദേശീയ പാതയ്ക്ക് അരികിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കാൻ ശ്രമം: ചെന്നിത്തല

ഇതിനായി നോർക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും ചെന്നിത്തല ആരോപിച്ചു.

Update: 2020-10-07 08:00 GMT

തിരുവനന്തപുരം: ദേശീയ പാതയ്ക്ക് അരികിലുള്ള സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിറ്റഴിക്കാനാണ് ശ്രമം. ഇതിനായി നോർക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും ചെന്നിത്തല ആരോപിച്ചു.

കമ്പനിയിൽ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികൾക്കാണ്. 26 ശതമാനം സർക്കാരിനും. ഡോ.ഒ വി മുസ്തഫയും ബൈജു ജോർജ്ജുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ഇവരുടെ യോഗ്യത എന്താണെന്നും ചെന്നിത്തല ചോദിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാതയോര വിശ്രമകേന്ദ്രം തുടങ്ങാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചിട്ടും അവർക്ക് പോലും കൊടുക്കാതെ എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിക്ക് പദ്ധതി തുടങ്ങാൻ ഭൂമി കൈമാറാൻ തീരുമാനിച്ചിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

കമ്പനിയുമായുണ്ടാക്കിയ ധാരണാപത്രം അടിമുടി ദുരൂഹമാണ്. അവസാന കാലത്ത് സർക്കാർ ഭൂമി വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് സർക്കാർ. കമ്പനിയുമായി ഉണ്ടാക്കിയ എംഒയു പുറത്തുവിടണം. വിഷയത്തിൽ റവന്യൂമന്ത്രി പ്രതികരിക്കണം. ഒരു സർക്കാർ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ അതിന് റവ്യന്യൂ വകുപ്പിന്റെ അനുമതി വേണം. എന്നാൽ ഇതിൽ അങ്ങനെയുണ്ടായിട്ടില്ല. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. 

Tags:    

Similar News