എം ആര്‍ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം; ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വീണ്ടും തെളിയിച്ചു: സിപിഎ ലത്തീഫ്

ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം നടത്തി

Update: 2024-12-18 13:50 GMT

ആലപ്പുഴ: ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വീണ്ടും തളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയാണ് ഗുരുതര ആരോപണങ്ങളുണ്ടായിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാതിരുന്നതെന്നു വ്യക്തമായിരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ എസ് ഷാന്‍ രക്തസാക്ഷി ദിനത്തില്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നേരിടുന്നതിനിടെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സ്വമേധയാ പോയി കണ്ടതല്ല, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നതാണ് ഇതിലൂടെ ബോധ്യമാകുന്നത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കുറ്റാരോപിതന്റെ കീഴിലും നിയന്ത്രണത്തിലുമാവുമ്പോള്‍ സത്യസന്ധമായി കേസന്വേഷണം നടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ പൊതുസമൂഹം.

പൂരം കലക്കല്‍ സംഭവത്തില്‍ കുറ്റാരോപിതന്‍ തന്നെ കേസന്വേഷിച്ച പരിഹാസ്യമായ നടപടികളുടെ തുടര്‍ച്ചയായിരിക്കും ഇനിയും നടക്കാന്‍ പോകുന്നത്. ആര്‍എസ്എസ് തീട്ടൂരത്തിന് മുമ്പില്‍ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും മുട്ടിലിഴയുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ കൂട്ടിലടച്ച തത്തയായി മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും മാറിയിരിക്കുകയാണ്.

സംഘപരിവാരത്തിന് വിദ്വേഷ പ്രചാരണത്തിനാവശ്യമായ വിഷയങ്ങള്‍ കണ്ടെത്തി നല്‍കുന്ന ഉത്തരവാദിത്വമാണ് സിപിഎം നേതാക്കള്‍ നിര്‍വഹിക്കുന്നത്. നിലവിലില്ലാത്ത ലൗജിഹാദ് സംബന്ധിച്ച് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന മുതല്‍ കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയ പ്രസ്താവന വരെ നിരവധിയായ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.

2021 ഡിസംബര്‍ 18 ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലിസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കെ എസ് ഷാന്‍ വധക്കേസ് ഉള്‍പ്പെടെ ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസുകളിലെല്ലാം പോലിസ് നടപടികള്‍ അനീതിയും വിവേചനപരവുമാകുന്നത് അജിത് കുമാറിനെപോലുള്ള സംഘീ വിധേയത്വമുള്ളവരുടെ താല്‍പ്പര്യം മൂലമാണെന്നും സി പിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം സംസാരിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, സെക്രട്ടറി അന്‍സാരി ഏനാത്ത്, പ്രവര്‍ത്തക സമിതിയംഗങ്ങളായ ടി നാസര്‍, ജോര്‍ജ് മുണ്ടക്കയം, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമാരായ സിയാദ് വാഴൂര്‍, എസ് മുഹമ്മദ് അനീഷ്, കെ എച്ച് അബ്ദുല്‍ മജീദ് സംബന്ധിച്ചു.




Similar News