സിഎംആര്‍എല്‍ മാസപ്പടി കേസ്: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം കിട്ടിയോ എന്ന് സംശയമുണ്ടെന്ന് കേന്ദ്ര ഏജന്‍സി
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് എതിരേ ഗുരുതരമായ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എസ്എഫ്‌ഐഒ. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ എസ്എഫ്‌ഐഒ ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ കോടതിയെ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നതും ഏജന്‍സി പരിശോധിക്കുന്നുണ്ട്. ബിഹാറിലെ കാലിത്തീറ്റ കുംഭകോണം പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ നല്‍കിയ റിപോര്‍ട്ട് പറയുന്നു. കേസില്‍ ഈ മാസം 23ന് വാദം വീണ്ടും തുടരും.
എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരെ സിഎംആര്‍എല്‍ നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യ രേഖകള്‍ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചിരുന്നു.