ബഹിരാകാശ നടത്തത്തില്‍ അമേരിക്കന്‍ റെക്കോഡ് തകര്‍ത്ത് ചൈന(വീഡിയോ)

ബഹിരാകാശ ശാസ്ത്രത്തിലെ നേട്ടങ്ങള്‍ക്ക് പുറമെ വിവിധ ഗ്രഹങ്ങളില്‍ നിന്നും ഉപഗ്രഹങ്ങളില്‍ നിന്നും അപൂര്‍വ ലോഹങ്ങളും മറ്റും ഭൂമിയില്‍ എത്തിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ട്.

Update: 2024-12-18 17:49 GMT

ബീയ്ജിങ്: ബഹിരാകാശ നടത്തത്തില്‍ യുഎസിന്റെ റെക്കോഡ് തകര്‍ത്ത് ചൈനീസ് ബഹിരാകാശ യാത്രികര്‍. ചൈന കഴിഞ്ഞ മാസം ബഹിരാകാശത്തേക്ക് അയച്ച ഷെന്‍സു-19 പേടകത്തിലെ ശാസ്ത്രജ്ഞരായ കെയ് ക്‌സുഷെയും സോങ് ലിങ്‌ഡോങുമാണ് ഒമ്പതു മണിക്കൂര്‍ നടന്നത്. ഇതോടെ 2001ല്‍ യുഎസ് സ്ഥാപിച്ച റെക്കോഡ് തകര്‍ന്നു. യുഎസിന്റെ ബഹിരാകാശ യാത്രികരായ ജെയിംസ് വോസും സൂസന്‍ ഹെംസും എട്ട് മണിക്കൂര്‍ 56 മിനുട്ടാണ് നടന്നിരുന്നത്.

ബഹിരാകാശ ശാസ്ത്രത്തിലെ നേട്ടങ്ങള്‍ക്ക് പുറമെ വിവിധ ഗ്രഹങ്ങളില്‍ നിന്നും ഉപഗ്രഹങ്ങളില്‍ നിന്നും അപൂര്‍വ ലോഹങ്ങളും മറ്റും ഭൂമിയില്‍ എത്തിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ട്. അതിശക്തമായ സെമികണ്ടക്ടറുകള്‍ നിര്‍മിക്കാന്‍ ഉള്ള കാലാവസ്ഥയാണ് ബഹിരാകാശത്ത് ഉള്ളതെന്നാണ് ചൈന വിലയിരുത്തുന്നത്. ഭൂമിയില്‍ ഈ സെമികണ്ടക്ടറുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറവില്‍ ബഹിരാകാശത്ത് നിര്‍മിക്കാന്‍ കഴിയുമെന്നാണ് ചൈനയുടെ കാഴ്ച്ചപാട്.

നേരത്തെ ചൈന ചന്ദ്രനിലേക്ക് അയച്ച പേടകം അവിടെ ലാന്‍ഡ് ചെയ്തതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവന്നിരുന്നു. ചന്ദ്രനിലെ മണ്ണിന്റെയും പാറയുടെയും സാമ്പിളുകള്‍ ശേഖരിച്ച ശേഷമായിരുന്നു മടക്കയാത്ര. 2030ല്‍ മനുഷ്യരെ ചന്ദ്രനില്‍ ഇറക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News