ദമസ്‌കസ്: ബശ്ശാറുല്‍ അസദ് അധികാരത്തില്‍ നിന്ന് പുറത്തായതോടെ മുന്‍ സൈനികര്‍ ആയുധങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപോര്‍ട്ട്. റഷ്യന്‍ നിര്‍മിത എകെ-47 തോക്ക് 25 യുഎസ് ഡോളര്‍ അഥവാ 2,122 രൂപക്കാണ് വില്‍ക്കുന്നതെന്ന് ദി നാഷണല്‍ റിപോര്‍ട്ട് ചെയ്യുന്നു. സിറിയയിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരുമാസത്തെ ശമ്പളമാണിത്. തോക്കുകള്‍ ധാരാളമായി വന്നതോടെ അയല്‍രാജ്യമായ ലബ്‌നാനിലെ കള്ളക്കടത്തുകാര്‍ അതിര്‍ത്തിയില്‍ കാംപ് ചെയ്യുകയാണ്.
ഇപ്പോള്‍ ലബ്‌നാനിന്റെ വടക്കന്‍ പ്രദേശത്ത് സിറിയന്‍ ആയുധങ്ങള്‍ നിറയുകയാണെന്ന് റിപോര്‍ട്ട് പറയുന്നു. ഏറ്റവും ചുരുങ്ങിയത് 3,000 എകെ-47 തോക്കുകള്‍ എങ്കിലും ഇപ്പോള്‍ വടക്കന്‍ ലബ്‌നാനിലെ ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ട്. കൂടാതെ ചൈനീസ് നിര്‍മിത പിസ്റ്റളുകളും ചെറു തോക്കുകളും എത്തിയിട്ടുണ്ട്. പലതിലും സിറിയന്‍ സൈന്യത്തിന്റെ ചിഹ്നങ്ങളുമുണ്ട്. 2,122 രൂപക്ക് വാങ്ങുന്ന എകെ-47 തോക്കുകള്‍ ലബ്‌നാനിന് അകത്ത് 43,000 രൂപക്കാണ് കള്ളക്കടത്തുകാര്‍ വില്‍ക്കുന്നത്.
ആയുധങ്ങളുടെ കുത്തൊഴുക്ക് തടയാന്‍ ലബ്‌നാന്‍ സര്‍ക്കാര്‍ അതിര്‍ത്തിയില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. നിരവധി മുന്‍ സിറിയന്‍ സൈനികരും ലബ്‌നാനില്‍ നുഴഞ്ഞുകയറി അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. 1975 മുതല്‍ 1990 വരെ ആഭ്യന്തരയുദ്ധം നടന്ന ലബ്‌നാനില്‍ ഏതാണ്ടെല്ലാ വീടുകളിലും ആയുധങ്ങളുണ്ട്. ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന് റഷ്യയും ചൈനയും നല്‍കിയ പുതിയ ആയുധങ്ങള്‍ എത്തിയതോടെ എല്ലാവരും തങ്ങളുടെ ആയുധങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്.
ലബ്‌നാനില്‍ ഇസ്രായേല്‍ അധിനിവേശത്തെ നേരിടുന്ന സംഘടനകളാണ് കൂടുതലായും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. സിറിയയിലെ സ്വാധീനം നഷ്ടപ്പെട്ടതോടെ ഹിസ്ബുല്ല ദുര്‍ബലമാവുമെന്നും അവരെ ഇപ്പോള്‍ നേരിടാമെന്നുമുള്ള തോന്നലില്‍ ഇസ്രായേല്‍ അനുകൂലികളായ ക്രിസ്ത്യന്‍ മിലിഷ്യകളും ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.