ചെറിയ കുപ്പികളിലെ വെളിച്ചെണ്ണയും ഭക്ഷ്യവസ്തു; ജിഎസ്ടി കുറക്കണം: സുപ്രിംകോടതി
ഹെയര്‍ ഓയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് വില്‍ക്കണം
ന്യൂഡല്‍ഹി: ചെറിയ അളവില്‍ പാക്ക് ചെയ്ത് വില്‍ക്കുന്ന വെളിച്ചെണ്ണയും ഭക്ഷ്യവസ്തുവാണെന്ന് സുപ്രിംകോടതി. ഭക്ഷ്യേതര പട്ടികയില്‍ നിന്ന് ഇവയെ മാറ്റുന്നതിനാല്‍ ജിഎസ്ടി കുറയ്ക്കണമെന്നും ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി പറയുന്നു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി വന്നിരിക്കുന്നത്. എന്നാല്‍, തലമുടിയില്‍ പുരട്ടാന്‍ മാത്രമുള്ള വെളിച്ചെണ്ണയെ പ്രത്യേകമായി സെന്‍ട്രല്‍ എക്‌സൈസ് താരിഫ് ആക്ടില്‍ ഹെയര്‍ ഓയിലായി ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന് പതിനെട്ട് ശതമാനം ജിഎസ്ടി വരും. ഭക്ഷ്യ വെളിച്ചെണ്ണക്ക് അഞ്ച് ശതമാനം ജിഎസ്ടിയേ വരൂ.
ചെറിയ പാക്കില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയെ ഹെയര്‍ ഓയിലായി കാണണമെന്നാണ് നികുതിവകുപ്പ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരിന് കൂടുതല്‍ നികുതി വരുമാനം നല്‍കും. ഈ വാദം കോടതി തള്ളി. ചെറിയ കുപ്പികളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ ഭക്ഷ്യവസ്തുവായും ഹെയര്‍ ഓയിലായും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ രണ്ടും തമ്മില്‍ വേര്‍തിരിക്കണം. തലയില്‍ പുരട്ടുന്നതു കൊണ്ടു മാത്രം വെളിച്ചെണ്ണയെ ഭക്ഷ്യേതര എണ്ണയായി കാണാനാവില്ല. ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ കൂടുതല്‍ സുരക്ഷിതമായി പാക്ക് ചെയ്യണം.
അത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കണം ചെയ്യേണ്ടത്. കൂടാതെ എഡിബിള്‍ ഓയില്‍ പാക്കേജിങ് നിയന്ത്രണ ഉത്തരവും പാലിക്കണം. ഹെയര്‍ ഓയിലിനേക്കാള്‍ കുറച്ചുകാലമേ ഭക്ഷ്യ എണ്ണ ചീത്തയാവാതെ ഇരിക്കൂ. ഭക്ഷ്യ എണ്ണ 50, 100, 200, 500 എംഎല്‍ പാക്കുകളിലും ഒരു ലിറ്റര്‍ പാക്കിലും വില്‍ക്കാമെന്നാണ് 1977ലെ നിയമം പറയുന്നത്. സിനിമാ നടിയുടെ തിളങ്ങുന്ന മുടി കാണിക്കുന്ന പരസ്യം നല്‍കി വിറ്റാലും ഹെയര്‍ ഓയില്‍ കൃത്യമായി വേര്‍തിരിക്കണമെന്നും കോടതി പറഞ്ഞു.