ബിനീഷിന്റെ ചോദ്യം ചെയ്യല്‍: കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി
സര്‍ക്കാരും പാര്‍ട്ടിയും അഴിമതിയില്‍ ആണ്ടുകിടക്കുമ്പോള്‍ ഇതേക്കുറിച്ച് പാര്‍ട്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന അണികളുടെ വികാരം നേതാക്കള്‍ തിരിച്ചറിയണം.
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ച് നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെയും സിപിഎം എന്ന ബഹുജന സംഘടനനെയും നിയന്ത്രിക്കുന്ന സെക്രട്ടറിക്ക് തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഒന്നുകില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു, അല്ലെങ്കില്‍ കണ്ണടച്ചു. രണ്ടായാലും വലിയ വീഴ്ചതന്നെ സംഭവിച്ചിരിക്കുന്നു. മക്കള്‍ക്കെതിരേ മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെറ്റുതിരുത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചതാണ്. അതൊന്നും ചെയ്യാതെ അധികാരത്തിന്റെ തണലിലും പാര്‍ട്ടിയുടെ മറവിലും തെറ്റുകള്‍ തുടരുകയാണു ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അത്യന്തം ഗുരുതരമാണ്. മയക്കുമരുന്നു കേസില്‍ ബെംഗ്‌ളൂരില്‍ പിടിയിലായ അനൂപ് മുഹമ്മദ്, സ്വര്‍ണക്കടത്തുകേസിലെ പ്രതി കെ.ടി റമീസ് എന്നിവരുമായുള്ള ബിനീഷിന്റെ സുദീര്‍ഘമായ ബിസിനസ് ബന്ധം പുറത്തുവന്നു കഴിഞ്ഞു. വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട യു.എ.എഫ്.എക്‌സ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ ബിനിഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്നു. മണി എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം സ്വര്‍ണക്കടത്തും മയക്കുമരുന്നു കടത്തുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കോടിയേരിയുടെ മറ്റൊരു മകന്‍ ബിനോയ്‌ക്കെതിരേയും ആരോപണങ്ങളുണ്ട്. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ചാല്‍ എല്ലാ ഇടപാടുകളിലെയും മുഴുവന്‍ പ്രതികളും വൈകാതെ കുടുങ്ങമെന്നു മുല്ലപ്പള്ളി പറഞ്ഞു.
വ്യക്തമായ പെരുമാറ്റച്ചട്ടത്തോടെ പ്രവര്‍ത്തിക്കുന്നതും കേഡര്‍ സ്വഭാവം അവകാശപ്പെടുന്നതുമായ പാര്‍ട്ടിയാണ് സിപിഎം. പെരുമാറ്റച്ചട്ടം പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ബാധകമാണ്. പക്ഷേ ഇതൊന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ബാധകമല്ല എന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും അഴിമതിയില്‍ ആണ്ടുകിടക്കുമ്പോള്‍ ഇതേക്കുറിച്ച് പാര്‍ട്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന അണികളുടെ വികാരം നേതാക്കള്‍ തിരിച്ചറിയണം. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ തികച്ചും രോഷാകുലരാണ്. പാര്‍ട്ടി സെക്രട്ടറിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇന്നത്തെ സാഹചര്യത്തില്‍ ഇല്ലെന്ന കാര്യം പാര്‍ട്ടി അണികളും മനസിലാക്കണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.