സര്‍ക്കാരിനെ വെള്ളപൂശുകയാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം: മുല്ലപ്പള്ളി

സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Update: 2020-12-11 08:15 GMT
സര്‍ക്കാരിനെ വെള്ളപൂശുകയാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം: മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയെന്ന സ്വപ്‌ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ജീവന്‍ അപകടത്തിലാണെന്ന് സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ജയില്‍ വകുപ്പിന്റേത്. നേരത്തെ സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത് വന്നപ്പോഴും സമാനമായ നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. എന്നാലതില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തേണ്ട പോലീസ് ആകട്ടെ ആ കേസ് അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.സാങ്കേതിക സഹായത്തോടെ പുറത്ത് വന്ന സ്വപ്‌നയുടെ ശബ്ദസന്ദേശത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.അതിന് പിന്നലെ ശക്തികളെ കണ്ടെത്തേണ്ടത് സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് നിര്‍ണ്ണായകമാണ്. ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തിലും വധഭീഷണിയുമായി ബന്ധപ്പെട്ട വിഷയത്തിലും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്നത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മംഗളപത്രം രചിക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നത്.മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് അനുസൃതമായി നിറം മാറാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്.സത്യസന്ധവും നിര്‍ഭയവുമായി നിയമവാഴ്ച നടപ്പാക്കുകയും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യുകയാണ് സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ ധര്‍മ്മമെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാത്തരം അന്വേഷണങ്ങളിലും സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഒളിച്ചുകളി നടത്തുകയാണ്.സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയ സംഭവത്തിലും അന്വേഷണം എങ്ങും എത്തിയില്ല. സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവത്തിലും അസ്വാഭാവികത ഇല്ലെന്ന കണ്ടുപിടിത്തമാണ് കേരള പോലീസ് നടത്തിയത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന പോലീസിന്റെ വാദഗതികളെ അപ്പാടെ നിഷേധിക്കുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാരിന്റെയും പോലീസിന്റെയും കള്ളക്കളി വെളിച്ചെത്തു കൊണ്ടുവന്ന സംഭവം കൂടിയാണ്.ലൈഫ് മിഷന്‍ കേസിലും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പുകമുറ സൃഷ്ടിക്കാനാണ് ശ്രമം.സിബിഐ അന്വേഷണത്തിന് ഏത് വിധേനയും തടയിടുക എന്നതിന് അപ്പുറം ലൈഫുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് ഒരു പ്രസ്‌കതിയുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Similar News