ഭാര്യയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച പ്രതി പിടിയിൽ

ഹൈക്കോടതിയുടെ വെബ്സൈറ്റിൽ നിന്നു ലഭിച്ച കേസ് സ്ഥിതി വിവര രേഖയിൽ കൃത്രിമം നടത്തിയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായത്.

Update: 2022-02-16 15:36 GMT

കൊച്ചി: അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പ്രശാന്ത് കുമാറും അഭിഭാഷകനും ചേർന്നാണ് വ്യാജരേഖ ചമച്ചത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പ്രതിയെ കരമന പോലിസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് പ്രശാന്ത് കുമാറിനെതിരേ പോലിസ് കേസെടുത്തത്. തുടർന്ന് കഴിഞ്ഞ മാസം ജനുവരി 20ന് ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഫെബ്രുവരി 12ന് ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുത്തു. അതിനു പിന്നാലെ അഭിഭാഷകൻ സ്റ്റേഷനിലെത്തി ഇയാളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട് എന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു.

ഹൈക്കോടതിയുടെ വെബ്സൈറ്റിൽ നിന്നു ലഭിച്ച കേസ് സ്ഥിതി വിവര രേഖയിൽ കൃത്രിമം നടത്തിയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായത്. ഇത് അഭിഭാഷകൻ പോലിസിനു കൈമാറുകയും ചെയ്തിരുന്നു. കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി അതുവരെ അറസ്റ്റു പോലെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു രേഖയിൽ. പിന്നീട് പോലിസ് രേഖകളുമായി പ്രോസിക്യൂഷനെ ബന്ധപ്പെട്ടപ്പോഴാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നെന്ന് കണ്ടെത്തിയത്.

ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസ് പരാതി നല്‍കി. പരാതി കോടതി പരിശോധിച്ചു വരികയാണ്. കോടതിയുടെ ഐടി സെല്ലിലെ രേഖകള്‍ പരിശോധിച്ചതിൽ ഇത്തരമൊരു ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിനു നടപടിയുണ്ടായേക്കും.

Similar News