മുസ്‌ലിം ഹെരിറ്റേജ് കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം
മലബാറിന്റെ ചരിത്രം മുസ്‌ലിംകളുടെ ചരിത്രം പഠിക്കാതെ പുര്‍ണമാവില്ല
കണ്ണൂര്‍: ഉത്തരമലബാറിന്റെ ചരിത്രപൈതൃകം എക്കാലത്തെയും തലമുറക്ക് പഠിക്കാനുതകുന്ന കള്‍ച്ചറല്‍ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വാഴ്‌സിറ്റിയുടെ ചുമതലയേല്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിച്ച ചരിത്രഗവേഷണ മോഹമാണ് കള്‍ച്ചറര്‍ ടവര്‍. അതിനാവശ്യമായ രേഖകളും വസ്തുക്കളും ശേഖരിക്കുന്നതിന് കണ്ണൂര്‍ മുസ്‌ലിം ഹെരിറ്റേജ് കോണ്‍ഗ്രസ് കള്‍ച്ചറര്‍ ടവറിന് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ ചരിത്രം മുസ്‌ലിംകളുടെ ചരിത്രം പഠിക്കാതെ പുര്‍ണമാവില്ല. മുസ്‌ലിംകള്‍ കാലത്തിനനുസരിച്ച് വികസിക്കുകയും ചലിക്കുകയും ചെയ്യുന്ന വലിയ കോസ്‌മോപൊളിറ്റിയന്‍ സമുദായമാണ്. സാമ്രാജ്യത്വത്തെ മാത്രമല്ല, ഇംപീരിയലിസത്തെയും ചെറുക്കാന്‍ മുസ്‌ലികള്‍ക്ക് വിശ്വാസപരമായി കഴിഞ്ഞിരുന്നു. മാപ്പിളലഹള കേവലമായ സമുദായ സംഘര്‍ഷമായി കണ്ടുകൂട. ടിപ്പുവിന്റെയും, മുസ്‌ലിംകളുടെയും ചരിത്രവുമായി ബന്ധപ്പെട്ട് ഭാഷാന്തരം ചെയ്യപ്പെടാത്ത പതിനാറായിരം രേഖകള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. സര്‍ സയ്യിദ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി ടി അബ്ദുല്‍ അസീസ്, ജിഐഒ ജില്ലാ പ്രസിഡന്റ് ഖദീജ ഷെറോസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ എം മഖ്ബൂല്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഷെറോസ് സജ്ജാദ് സംസാരിച്ചു. ഇന്ന് നടക്കുന്ന സെഷനുകളില്‍ ചെറുത്ത് നില്‍പ്പ്; പോരാട്ടം, ദേശം സംസ്‌കാരം നാഗരികത, നവോത്ഥാനം വിദ്യാഭ്യാസം, രാഷ്ട്രീയം സമുദായം, വികസനം സാമ്പത്തികം പ്രവാസം, സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ അമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമാപന സമ്മേളനം വൈകീട്ട് 4.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴിനു എരഞ്ഞോളി മൂസയുടെ നേതൃത്വത്തില്‍ കലാമേളയും ഉണ്ടായിരിക്കും.