വഖ്ഫ് നിയമനം;രണ്ടാംഘട്ട സമരം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

കോഴിക്കോട്ടെ വഖ്ഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്

Update: 2022-01-03 04:35 GMT

മലപ്പുറം:വഖ്ഫ് വിഷയത്തില്‍ തുടര്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാനാണ് ഉന്നതാധികാര സമിതിയോഗം വിളിച്ചിട്ടുള്ളത്.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി വാക്കാല്‍ നല്‍കിയ ഉറപ്പിനപ്പുറം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട്. നിയമസഭ പാസാക്കിയ നിയമം സഭയില്‍ തന്നെ പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

സമസ്ത അടക്കം എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് നേതൃത്വത്തിന്റെ ലക്ഷ്യം.നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇന്നത്തെ യോഗം വിലയിരുത്തും.തെരെഞ്ഞെടുപ്പിനുശേഷം ജില്ലകളില്‍ നടത്തിയ കാമ്പയിനിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.



Tags:    

Similar News