മുത്തൂറ്റ് ഫിനാന്‍സില്‍ സമരം: ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് എളമരം കരിം
ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടക്കും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ന് ചര്‍ച്ച നടന്നത്. പിരിച്ചുവിട്ട 166 ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനുവരി രണ്ടു മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ഇന്ന് നടന്ന ചര്‍ച്ചയില്‍ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാന്‍ മാനേജ്മെന്റിനായില്ലെന്ന് സി ഐ ടി യു നേതാക്കള്‍ വ്യക്തമാക്കി
കൊച്ചി:മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ ജീവനക്കാരും മാനേജ്മെന്റുമായാണ് ചര്‍ച്ച നടത്തിയത്. ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടക്കും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ന് ചര്‍ച്ച നടന്നത്. പിരിച്ചുവിട്ട 166 ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനുവരി രണ്ടു മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ഇന്ന് നടന്ന ചര്‍ച്ചയില്‍ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാന്‍ മാനേജ്മെന്റിനായില്ലെന്ന് സി ഐ ടി യു നേതാക്കള്‍ വ്യക്തമാക്കി.
മാനേജിങ് ഡയറക്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.52 ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് യൂനിയനുമായി ഹൈക്കോടതി നിരീക്ഷകന്റെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മാനേജ്മെന്റ് ഒപ്പുവച്ച കരാറിലെ മഷിയുണങ്ങും മുന്‍പാണ് ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി ഉത്തരവിറക്കിയതെന്ന് സി ഐ ടി യു നേതാക്കള്‍ ആരോിച്ചു. യൂനിയന്‍ സംസ്ഥാന സെക്രട്ടറിയും പ്രധാന ഭാരവാഹികളുമുള്‍പ്പെടെയുള്ളവരാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടിക്കിരയായത്. പത്തുമുതല്‍ ഇരുപത് വര്‍ഷംവരെ കമ്പനിക്കായി തൊഴിലെടുത്തവരാണിവര്‍. പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗവും വനിതകളാണ്. കമ്പനി ഉത്തരവില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ ഏതെങ്കിലും തെറ്റു ചെയ്തതായി പറയുന്നില്ല. കടുത്ത മത്സരവും മറ്റും മൂലം ശാഖ ആദായകരമല്ല, അതിനാല്‍ പിരിച്ചു വിടുന്നുവെന്നാണ് ഉത്തരവിലുള്ളതെന്നും ഇവര്‍ പറയുന്നു. കമ്പനിയുടെ ഈവാദം വാസ്തവിരുദ്ധമാണ്. പൂട്ടുന്ന ശാഖകളില്‍ മിക്കതും നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
കമ്പനിയുടെ വ്യാപാര സാധ്യതക്കനുസരിച്ച് മുമ്പും ശാഖകളുടെ സ്ഥാനം മാറ്റുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ജീവനക്കാരെ സമീപ ശാഖകളില്‍ നിലനിര്‍ത്തി. ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മിനിമം വേതനം നല്‍കാമെന്നുമുള്ള കരാര്‍ മാനേജ്മെന്റ് ലംഘിച്ചു. 611 ശാഖകളും തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശാഖകള്‍ പൂട്ടി ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് അംഗീകരിക്കാനാകില്ലെന്ന് യൂനിയന്‍ വ്യക്തമാക്കി.ഒത്ത്തീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കാത്ത മുത്തൂറ്റ് മാനേജ്മെന്റ് നിലപാടിനെതിരെ സമരം ശക്തമായി തുടരുമെന്ന് എളമരം കരിം പറഞ്ഞു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, മുത്തൂറ്റ് ഫിനാന്‍സ് യൂനിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സ്വരാജ് എംഎല്‍എ , യൂണിയന്‍ ജനറല്‍ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ , സംസ്ഥാന കമ്മറ്റി അംഗം നിജ രൂപേഷ് എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ സി വി ജോണ്‍ , തോമസ് ജോണ്‍ , ബാബു ജോണ്‍ മലയില്‍, പ്രഭ ഫ്രാന്‍സിസ്, ഹൈക്കോടതി നിരീക്ഷകന്‍ അഡ്വ. ലിജി എന്‍ വടക്കേടം എന്നിവരും പങ്കെടുത്തു.