ബിസിനസ് ജെറ്റ് ടെര്‍മിനല്‍, വിവിഐപി സേഫ് ഹൗസ്; നെടുമ്പാശേരി വിമാനത്താവളം ടെര്‍മിനല്‍ 2 നവീകരിക്കുന്നു

വിവിഐപി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിവിഐപിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും..രണ്ട് ബ്ലോക്കുകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.50 മുറികളുള്ള ബജറ്റ് ഹോട്ടലും നിര്‍മ്മിക്കും

Update: 2021-07-19 04:23 GMT

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി. ബിസിനസ് ജറ്റ് ടെര്‍മിനല്‍, വിവിഐപി സുരക്ഷിത മേഖല, കുറഞ്ഞ ചെലവില്‍ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടല്‍ എന്നിവ ടെര്‍മിനല്‍2ല്‍ ഒരുക്കാനാണ് പദ്ധതി.2019ല്‍ ആഭ്യന്തര വിമാനസര്‍വീസ് ഓപ്പറേഷന്‍, പുനരുദ്ധരിച്ച ഒന്നാം ടെര്‍മിനലിലേയ്ക്ക് മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യോമയാന ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെര്‍മിനലിന്റെ നവീകരണം തുടങ്ങുന്നത്.

ഈ പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഡയറക്ടര്‍ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള നിരവധി പദ്ധതികള്‍ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)രൂപം കൊടുത്ത് വരികയാണ്. പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ടെര്‍മിനല്‍ രണ്ടില്‍ മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനമാണ് ഉദ്യേശിക്കുന്നത്. ഭാവിയില്‍ ബിസിനസ് ജെറ്റുകള്‍ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെര്‍മിനല്‍ എന്നതാണ് ഇവയില്‍ പ്രധാനമെന്നുംസുഹാസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യാന്തര സര്‍വീസ് ഓപ്പറേഷന്‍ നടത്തുന്ന മൂന്നാം ടെര്‍മിനലിന് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ആഭ്യന്തര ടെര്‍മിനലായ ടി-ഒന്നിന് ആറുലക്ഷം ചതുരശ്രയടിയും. നേരത്തെ ആഭ്യന്തര ഓപ്പറേഷന്‍ നടത്തിയിരുന്ന രണ്ടാം ടെര്‍മിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഇതാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഇത് മൂന്ന് ബ്ലോക്കായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, കസ്‌ററംസ്, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. വിവിഐപി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്.

മറ്റ് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിവിഐപിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും. ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കില്‍ ഈടാക്കുന്നതിന് പകരം, മണിക്കൂര്‍ നിരക്കില്‍ ഈടാക്കുന്നതോടെ ലഘുസന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തില്‍ത്തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും.

ഒന്ന്, രണ്ട് ബ്ലോക്കുകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സിയാല്‍ പദ്ധതിയിടുന്നത്.വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമേതര വരുമാനം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ക്ക് സിയാല്‍ രൂപം നല്‍കിവരികയാണ്. നിലവില്‍ മൊത്തവരുമാനത്തിന്റെ നാല്‍പ്പത് ശതമാനമാണ് വാടകയുള്‍പ്പെടെയുള്ള വ്യോമേതര സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്നത്. അത് അറുപത് ശതമാനമാക്കുകയാണ് ലക്ഷ്യം.

Tags:    

Similar News