നീറ്റ് പരീക്ഷ: വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം
കൊവിഡ് വ്യാപനം കാരണം നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് പരീക്ഷ സെന്റര്‍ തുറക്കുകയോ പരീക്ഷ മാറ്റി വെക്കുകയോ വേണമെന്ന ആവശ്യവുമായി ഖത്തറിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്
കൊച്ചി: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം. കൊവിഡ് വ്യാപനം കാരണം നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് പരീക്ഷ സെന്റര്‍ തുറക്കുകയോ പരീക്ഷ മാറ്റി വെക്കുകയോ വേണമെന്ന ആവശ്യവുമായി ഖത്തറിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
ജൂണ്‍ 23നകം വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശം നല്‍കി.ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഖത്തറില്‍ നിന്നും മാത്രം 300ഓളം വിദ്യാര്‍ഥികളാണ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്. നേരത്തെ മെഡിക്കല്‍ കൗണ്‍സിലിനേയും ആരോഗ്യ മന്ത്രാലയത്തെയും ഹരജിയില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ അംഗീകരിച്ച കോടതി ഇരു കക്ഷികളോടും വിശദീകരണം തേടുകയായിരുന്നു. പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശത്തുള്ള വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍ടിഎ) കോടതി നിര്‍ദേശം നല്‍കി.ഖത്തറിന് പുറമെ മറ്റ് അറബ് രാഷ്ട്രങ്ങളിലുള്ള വിദ്യാര്‍ഥികളും കോവിഡ് മൂലം പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍ ആശങ്കയിലാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.