എന്‍ഡിഎയില്‍ അവഗണന; യുഡിഎഫിലേക്ക് പോവാനൊരുങ്ങി കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം

എന്‍ഡിഎ മുന്നണിയില്‍നിന്ന് പാര്‍ട്ടിയ്ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപി കേന്ദ്രനേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പാക്കിയിട്ടില്ലെന്ന് പി സി തോമസ് പറയുന്നു.

Update: 2020-10-24 13:07 GMT

കോട്ടയം: പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം എന്‍ഡിഎ വിടാനൊരുങ്ങുന്നു. യുഡിഎഫിലേക്ക് പോവാനാണ് പി സി തോമസും കൂട്ടരും തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പി സി തോമസിന്റെയും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. കേരളാ കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് യുഡിഎഫിലേക്ക് പോവുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നാളെ ചേരും.

യുഡിഎഫിലേക്ക് ചേരാന്‍ ഔദ്യോഗികമായി കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് പി സി തോമസ് വിശദീകരിക്കുന്നത്. എന്‍ഡിഎയില്‍നിന്ന് പാര്‍ട്ടി അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി സി തോമസ് മുന്നണി വിടാനൊരുങ്ങുന്നത്. എന്‍ഡിഎ മുന്നണിയില്‍നിന്ന് പാര്‍ട്ടിയ്ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപി കേന്ദ്രനേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പാക്കിയിട്ടില്ലെന്ന് പി സി തോമസ് പറയുന്നു. കാര്യങ്ങള്‍ ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.

എന്‍ഡിഎയ്ക്കുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യുഡിഎഫിലെ പല ആളുകളും പാര്‍ട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ പറഞ്ഞത്. ഒരുചെയര്‍മാന്‍ സ്ഥാനവും അഞ്ച് ബോര്‍ഡുകളുമാണ് ബിജെപി ഉറപ്പുനല്‍കിയിരുന്നത്. ഈ ആറ് സ്ഥാനങ്ങളും ലഭിക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രനാള്‍ കഴിഞ്ഞിട്ടും അതില്‍ തീരുമാനമാകാത്തതാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുയരാന്‍ കാരണമായത്.

ഉറപ്പുപറഞ്ഞ കാര്യങ്ങള്‍ നിര്‍വഹിക്കാതിരിക്കെ മുന്നണിയില്‍ നില്‍ക്കുന്നതെന്തിനാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ചോദ്യം. കഴിഞ്ഞ രണ്ടുകൊല്ലമായി ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി സംസാരിക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോവുന്നത്. എന്നാല്‍, അത് രണ്ടുകൊല്ലം നീളുന്നത് അംഗീകരിക്കാനാവില്ല. ഇടയ്ക്ക് ബിജെപി നേതൃത്വത്തിലും മാറ്റം വന്നു. അതിന് ശേഷം ആരും ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും പി സി തോമസ് കുറ്റപ്പെടുത്തുന്നു. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് -എം യുഡിഎഫ് വിട്ടതോടെയാണ് തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താല്‍പര്യം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു പി സി തോമസ് ആദ്യം ചര്‍ച്ച നടത്തിയത്.

എന്നാല്‍, ഇതിന് ജോസഫ് ഗ്രൂപ്പില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം തോമസ് ആരംഭിച്ചത്. നിയമസഭയിലേക്ക് പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാനാണ് തോമസ് ലക്ഷ്യമിടുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു. അതേസമയം, യുഡിഎഫുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും പൂഞ്ഞാറില്‍തന്നെ മല്‍സരിക്കുമെന്നും പി സി ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്. പഴയ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഈ നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ടെന്നാണ് തോമസ് അവകാശപ്പെടുന്നത്. എന്നാല്‍, സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Tags:    

Similar News