പാവറട്ടി കസ്റ്റഡി മരണം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് കണ്ടെത്തല്‍

ജീപ്പിലുണ്ടായിരുന്ന അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.

Update: 2019-10-04 04:01 GMT

തൃശ്ശൂര്‍: കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടെന്ന് പ്രാഥമിക നിഗമനം. ജീപ്പിലുണ്ടായിരുന്ന അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് ഇന്ന് സമര്‍പ്പിക്കുമെന്ന് എക്‌സൈസ് അഡീ. കമ്മീഷണര്‍ ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘം രഞ്ജിത്ത് കുമാര്‍ എന്ന യുവാവിനെ രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരില്‍ പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നു രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്.

അതേസമയം രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 11 മണിയോടെ പാവറട്ടി പൊലിസിന് കൈമാറും. രഞ്ജിത്തിന്റെ ശരീരത്തില്‍ ക്ഷതങ്ങള്‍ ഉണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായാണ് സൂചന. കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത എക്‌സൈസ് സംഘത്തെ പൊലിസ് ചോദ്യം ചെയ്‌തേക്കും.  

Tags:    

Similar News