പുതുവല്‍സരാഘോഷം : കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സലാം മണ്ഡല്‍ (22) ആണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂഇയര്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ രായമംഗലം തട്ടാംപുറം പടിയില്‍ വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.
കൊച്ചി: പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോ നാല്‍പ്പതു ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലിസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സലാം മണ്ഡല്‍ (22) ആണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂഇയര്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ രായമംഗലം തട്ടാംപുറം പടിയില്‍ വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പെരമ്പാവൂരിലെ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.
പോലിസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പോലിസ് പിടികൂടിയത്. റൂറല്‍ ജില്ലയില്‍ എസ്പിയുടെ നേതൃത്വത്തില്‍ ലഹരിപദാര്‍ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികള്‍ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറുപ്പംപടി സി ഐ കെ ആര്‍ മനോജ്, എസ്‌ഐ ജിജിന്‍ ജി ചാക്കോ, സിപിഒ മാരായ മാഹിന്‍ഷാ അബുബക്കര്‍, കെ ആര്‍ ശശികുമാര്‍, എ കെ സലിം, കെ പി നിസാര്‍എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം 177 കിലോഗ്രാം കഞ്ചാവാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് പിടികൂടിയത്.