യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

പിറവം സ്വദേശിയായ ജോബിന്‍ പോള്‍ റെജി എന്നയാളെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് അറസ്റ്റു ചെയ്തത്

Update: 2021-10-15 15:36 GMT

കൊച്ചി: ബൈക്കിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് പോലിസ് പിടിയില്‍.പിറവം സ്വദേശിയായ ജോബിന്‍ പോള്‍ റെജി എന്നയാളെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് അറസ്റ്റു ചെയ്തത്.പ്രതി ജോബി പോള്‍ റെജിയുമായി ലിവിംഗ് ടുഗതറായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി പ്രതിയുടെ ഉപദ്രവം കാരണം വീട് വിട്ട് പോയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയുടെ ഇഷ്ടാനുസരണം കൂടെ ചെല്ലാതിരുന്നതിലുമുള്ള വിരോധത്താലാണ് ഇയാള്‍ യുവതിയെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

ഈ മാസം 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതി സ്‌കൂട്ടറില്‍ പോകവെ ബൈക്കില്‍ ഇയാള്‍ പിന്തുടരുകയും തുടര്‍ന്ന് ബൈക്ക് സ്‌കൂട്ടറില്‍ ഇടിപ്പിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും യുവതി രക്ഷപെട്ടു.തുടര്‍ന്ന് യുവതിയെ ഇയാള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും പോലിസ് പറഞ്ഞു.സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ സാജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.

എസ്‌സിപിഒ മുരളി, സിപിഒ മാരായ ജയകുമാര്‍, സുജിത്ത് എന്നിവരടങ്ങിയ പോലിസ് സംഘം പിന്‍തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുമ്പും പ്രതിയുടെ പേരില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News