അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തും
അടുത്ത അധ്യായന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി-പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം. 2019-20 വര്‍ഷത്തേക്കുള്ള അക്കാദമിക കലണ്ടര്‍ ചര്‍ച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യൂഐപി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിക്കാണ് മാറ്റം വരിക. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 20 മുതല്‍ 28 വരെ നടക്കും. എസ്എസ്എല്‍സി, പ്ലസ്ടൂ, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 30 വരെയാണ് നടക്കുക. ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ആഗസ്ത് 27 മുതല്‍ സപ്തംബര്‍ 27 വരെയും അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ 20 വരെയും ഒന്നാംക്ലാസ് മുതല്‍ ഒമ്പതുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് നാലുമുതല്‍ 13 വരേയും നടക്കും.
വിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ഏപ്രില്‍ മാസത്തില്‍ അധ്യാപകര്‍ കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്തും. 2019 ജൂണ്‍ 3ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. മുസ്്‌ലിം സ്‌കൂളുകളില്‍ ജൂണ്‍ 6ന് സ്‌കൂള്‍ തുറക്കും. ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂണ്‍ 10ന്. ഓണാവധി സപ്തംബര്‍ 6ന് ആരംഭിക്കും. സപ്തംബര്‍ 16ന് സ്‌കൂള്‍ തുറക്കും. ക്രിസ്മസ് അവധി ഡിസംബര്‍ 20 മുതല്‍ 29 വരെ. അടുത്ത അധ്യായന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍, ഹയര്‍ സെക്കന്ററി - 203, വിഎച്ച്എസ്ഇ- 226 എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. ആഗസ്ത് 17, 24, 31, ഒക്ടോബര്‍ അഞ്ച്, ജനുവരി നാല്, ഫെബ്രുവരി 22 എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്. 2019-20 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകും. ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെയാണ് കലോത്സവം. ശാസ്‌ത്രോല്‍സവം നവംബര്‍ ഒന്നുമുതല്‍ മൂന്നുവരേയും സ്‌പെഷ്യല്‍ കലോല്‍സവം, കായിക മേള ഒക്ടോബര്‍ 18 മുതല്‍ 20 വരേയും നടക്കും.