നീരൊഴുക്ക് വർധിച്ചു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വരുംമണിക്കൂറുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിലേക്ക് നീരൊഴുക്ക് വർധിച്ചതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് രാവിലെ നാലു ഷട്ടറുകൾ അരയടി കൂടിയാണ് ഉയർത്തിയത്.
ഇന്നലെ ഷട്ടറുകൾ ഒന്നരയടി ഉയർത്തിയിരുന്നു. രാത്രിയിൽ കനത്ത മഴയെ തുടർന്ന് ക്രമാതീതമായി വെള്ളം എത്തിയതിനെ തുടർന്നാണ് രാവിലെ വീണ്ടും ഷട്ടറുകൾ ഉയർത്തുകയായിരുന്നു. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വരുംമണിക്കൂറുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപിൽ ആതീവജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ബുധനാഴ്ച മുതൽ നിർത്താതെ തുടരുന്ന പെരുമഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
എറണാകുളം എടവനക്കാട് കടൽക്ഷോഭമുണ്ടായി. തീരത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പാറശാല-നെയ്യാറ്റിൻകര പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നു രാവിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്സ്പ്രസ് പാറശാലയിൽ നിർത്തിയിട്ടിരിക്കുകയാണ്. പാളത്തിലെ മണ്ണ് നീക്കിയ ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്രശ്രമം നടക്കുകയാണ്.
എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുത്. കട ൽത്തീരത്തു പോകുന്നതും ഒഴിവാക്കണം. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.