രാത്രികാലങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് മെഡിക്കല്‍ കോളജുകളില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

ആശുപത്രികളില്‍ സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി പോസ്റ്റ് മോര്‍ട്ടം വൈകിക്കരുതെന്നും കോടതി വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ഇതിനാവശ്യമായ സൗകര്യമൊരുക്കണമെന്നു കോടതി പ്രത്യേക നിര്‍ദ്ദശം നല്‍കി

Update: 2021-12-16 16:48 GMT

കൊച്ചി: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രികാലങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ പരിശോധിച്ചു പരിഹാരം കാണണമെന്ന് ഹൈക്കോടതി. രാത്രികാലങ്ങളില്‍ പോസ്റ്റ് മോര്‍ട്ടത്തിനു മെഡിക്കല്‍ ജീവനക്കാരുടെയും ആവശ്യമായ സൗകര്യങ്ങളുമൊരുക്കുന്നതിനും സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.ആശുപത്രികളില്‍ സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി പോസ്റ്റ് മോര്‍ട്ടം വൈകിക്കരുതെന്നും കോടതി വ്യക്തമാക്കി.

ആറ് മാസത്തിനുള്ളില്‍ കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ഇതിനാവശ്യമായ സൗകര്യമൊരുക്കണമെന്നു കോടതി പ്രത്യേക നിര്‍ദ്ദശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റുമോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കാത്ത നടപടി ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ കൂടി കണക്കിലെടുത്ത് ഫോറന്‍സിക് സര്‍ജന്‍മാര്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

മൃതദേഹങ്ങളോട് അവഗണന വേണ്ടെന്നും അസ്വാഭാവിക മരണങ്ങളില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മൃതദേഹത്തിനായി ആശുപത്രിയും പോലിസ് സ്‌റ്റേഷനും കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്നും ഇതിനായി ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Similar News