ഈജിപ്തില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; അല്‍ സിസിയുടെ രാജി ആവശ്യപ്പെട്ട് ജനം തെരുവില്‍

സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഈജിപ്തില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭം ബുധനാഴ്ച രാത്രി വൈകിയും തുടര്‍ന്നതായി പ്രാദേശിക വാര്‍ത്താ സ്രോതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-09-25 03:30 GMT

കെയ്‌റോ: ഈജിപ്തില്‍ അല്‍ സിസിയുടെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. അല്‍സിസിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ കൂറ്റന്‍ റാലികളാണ് അരങ്ങേറിയത്. സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഈജിപ്തില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭം ബുധനാഴ്ച രാത്രി വൈകിയും തുടര്‍ന്നതായി പ്രാദേശിക വാര്‍ത്താ സ്രോതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വടക്കുകിഴക്കന്‍ ഗിസ ഗവര്‍ണറേറ്റില്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ സിസിക്കും സര്‍ക്കാരിനുമെതിരെ ഞായറാഴ്ച ആരംഭിച്ച പ്രകടനങ്ങളുടെ ഭാഗമായി നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതായി സോഷ്യല്‍ മീഡിയയും പ്രതിപക്ഷ വാര്‍ത്താ വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

സിസി നിങ്ങളുടെ മക്കളെ കൊന്നു, സിസി നിങ്ങളുടെ കുടുംബത്തെ നശിപ്പിച്ചു, സിസി നിങ്ങളുടെ വെള്ളം വിറ്റു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനം തെരുവിലിറങ്ങിയത്. തെക്കന്‍ അസ്യൂട്ട് ഗവര്‍ണറേറ്റിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഭരണകൂടത്തിനെതിരെ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

തലസ്ഥാനമായ കെയ്‌റോയിലും ഗിസയിലും മറ്റു ചിലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പോലിസ് കടുത്ത നടപടികളാണ് സ്വീകരിച്ചത്. പലയിടങ്ങളിലും കണ്ണീര്‍വാതകം പ്രയോഗിച്ചതായി പ്രതിഷേധക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തില്‍, ഭരണകൂടത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് അലി ആഹ്വാനം ചെയ്തിരുന്നു. സിസി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് അന്നു പ്രതിഷേധമുയര്‍ത്തി വന്‍ നഗരങ്ങളില്‍ ഒത്തുകൂടിയത്.

Tags:    

Similar News