നിപ; സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍; ഹൈ റിസ്‌ക് വിഭാഗത്തിലെ രണ്ട് പേര്‍ക്ക് ലക്ഷണം

Update: 2024-07-21 08:15 GMT

മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച രാവിലെ പൊതുസ്ഥിതി വിലയിരുത്തിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപട്ടികയിലുള്ളത്. അതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ട് പേര്‍ക്ക് നിപ ലക്ഷണമുണ്ട്. നാല് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ ആദ്യമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും. ശേഷം രോഗലക്ഷണമില്ലാത്തവരുടെ സാമ്പിള്‍ എടുക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കായുള്ള ലാബുണ്ട്. അതു കൂടാതെ എന്‍.ഐ.വി പൂനെയുടെ ഒരു മൊബൈല്‍ ലാബ് കൂടി പൂനെയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. അതോടെ കൂടുതലായിട്ട് സാമ്പിളുകള്‍ ഇവിടെത്തന്നെ പരിശോധിക്കാന്‍ കഴിയും. വീടുതോറുമുള്ള സര്‍വ്വേയും നടത്തുണ്ട്. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളിലേ പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും മറ്റു ഡിപ്പാര്‍മെന്റുകളും സര്‍വ്വേയുടെ ഭാഗമാകും.

പഞ്ചായത്തിന്റെ പ്രതിനിധികളുമായും ജില്ലാതലത്തില്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ പ്രദേശികമായി മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളായി ചര്‍ച്ച നടത്തിയിരുന്നു. പൂര്‍ണമായും ഐസോലേഷനിലുള്ള കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ കഴിയില്ല. അവര്‍ക്ക് ആവശ്യമായ ആഹാരസാധനങ്ങളോ മരുന്നോ ഒക്കെ വാങ്ങുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അത് ലഭ്യമാകുന്നുണ്ടെന്ന് ഒന്നുകൂടി ഇന്നത്തെ ചര്‍ച്ചയില്‍ ഉറപ്പിക്കും. കൂടാതെ വീടുകളിലുള്ള കന്നുകാലികള്‍, ഓമന മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരമെത്തിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റേതായ നിര്‍ദ്ദേശങ്ങള്‍ വിഭ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും ആള്‍ക്കൂട്ട നിയന്ത്രണത്തെക്കുറിച്ചും നല്‍കിയിട്ടുണ്ട്. ജില്ലാകളക്ടറുടെ നിര്‍ദ്ദേശങ്ങളും വന്നിട്ടുണ്ട്. ജില്ലാപോലീസ് മേധാവി പ്രദേശത്ത് പെട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി വീണ ജോര്‍ജ് അറിയിച്ചു.





Tags:    

Similar News