കൊച്ചി: കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കോര്‍ കമ്മിറ്റി യോഗം മന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. രോഗ പ്രതിരോധത്തിനും ചികില്‍സയ്ക്കും കൂടുതല്‍ ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോവാന്‍ യോഗം തീരുമാനിച്ചു.
ചികില്‍സയിലുള്ള നിപ രോഗിയുടെ നില തൃപ്തികരമാണെന്നത് ആശ്വാസകരമാണെന്നു യോഗം വിലയിരുത്തി.
എന്‍ഐവി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളജില്‍ ക്യാംപ് ചെയ്ത് ലാബ് പരിശോധന, അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കും.
എന്‍ഐവിയില്‍ നിന്നുള്ള ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിനായി പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വടക്കേക്കര സന്ദര്‍ശിച്ചു. വവ്വാലുകളുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനുള്ള സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വനം വകുപ്പിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇതില്‍ പങ്കാളികളാവും.
സ്വകാര്യ ആശുപത്രികള്‍ നിരീക്ഷിക്കുന്നതിനായി നാല് ടീമുകള്‍ പ്രവര്‍ത്തന നിരതമാണ്. ഇന്നലെ 18 ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ആകെ 63 ആശുപത്രികള്‍ സന്ദര്‍ശിച്ചതായി കലക്ടര്‍ അറിയിച്ചു.
അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോട് കൂടി 3 പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഐസലേഷന്‍ വാര്‍ഡില്‍ 10 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 9 പേരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആണ്. ഒരാളുടെ റിസല്‍ട്ട് കിട്ടിയിട്ടില്ല.
നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗലക്ഷണങ്ങളുള്ള വ്യക്തിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.