നിപയുടെ ഉറവിടം തേടി വിദഗ്ദ സംഘം;പരിശോധന പഴം തീനി വവ്വാലുകളെ കേന്ദ്രീകരിച്ച്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇന്ന് മാത്രമായി ഇവിടെ നിന്നും 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാംപിളുകള്‍ പരിശോധനയ്ക്കായി പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

Update: 2019-06-10 11:58 GMT

കൊച്ചി: സംസ്ഥാനത്തെ വീണ്ടും റിപോര്‍ട് ചെയ്യപ്പെട്ട നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന പ്രധാനമായും പഴം തീനി വവ്വാലുകളെ കേന്ദ്രീകരിച്ച്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇന്ന് മാത്രമായി ഇവിടെ നിന്നും 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാംപിളുകള്‍ പരിശോധനയ്ക്കായി പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നാളെ ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനാണ് വിദഗ്ദ സംഘത്തിന്റെ തീരുമാനം. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.

ജില്ലയില്‍ നിപ രോഗബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരില്‍ ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, വിഎച്ച്എസ്ഇ, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 12ന് സ്‌കൂള്‍ തലത്തില്‍ മല്‍സരം നടത്തും. എല്ലാ വിദ്യാര്‍ഥികളേയും സ്‌കൂള്‍തല മല്‍സരത്തില്‍ പങ്കെടുപ്പിക്കും. സ്‌കൂള്‍ തലത്തിലെയും ഉപജില്ലാ തലത്തിലെയും ജില്ലാ തലത്തിലെയും ഏറ്റവും മികച്ച രചന തിരഞ്ഞെടുത്ത് സമ്മാനം നല്‍കും. പ്രത്യേകം തയ്യാറാക്കിയ ബോധവല്‍കരണസന്ദേശം 12ന് എല്ലാ സ്‌കൂളുകളിലും രാവിലത്തെ അസംബ്ലിയില്‍ വായിക്കും.

അതിഥി തൊഴിലാളികളില്‍ നിപ ജാഗ്രത സന്ദേശം എത്താക്കാന്‍ വേണ്ടി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബംഹാളി, തമിഴ്, ഹിന്ദി ഭാഷകളില്‍ തയ്യാറാക്കിയ വീഡിയോയും, ആരോഗ്യവകുപ്പ് തയ്യാറാക്കിയ ശബ്ദ സന്ദേശങ്ങളും തൊഴിലാളികള്‍ ജോലി ചെയുന്ന സ്ഥലങ്ങളില്‍ പ്രദശിപ്പിക്കുകയും കേള്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ഇടയില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നതിന് അതിഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴില്‍ ഉടമകള്‍ക്കും, കരാറുകാര്‍ക്കും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News